പുല്ലൂർ-പെരിയയിൽ ഡെങ്കിപ്പനി വ്യാപനം; രോഗബാധിതർ 18 ആയി

പെരിയ: പുല്ലൂർ-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ടാം വാർഡായ ആയംപാറ സ്വദേശികളായ രണ്ട് സ്ത്രീകളെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഈ സീസണിൽ പഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പെരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. തിങ്കളാഴ്ച ആരോഗ്യ വകുപ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

പനിയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണമെന്ന് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. പനി അനുഭവപ്പെട്ടാൽ ഉടൻ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. കടുത്ത ശരീരവേദന, സന്ധിവേദന, ഭക്ഷണത്തോടുള്ള വിരക്തി എന്നിവയും രോഗലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ആശുപത്രിയിൽ എത്തണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലും മലിനജലത്തിലും ഇവ മുട്ടയിട്ട് പെരുകുന്നതിനാൽ വെള്ളക്കെട്ടുകൾ ഒഴിവാക്കണം. റബ്ബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിൽക്കാത്തവിധം ശ്രദ്ധിക്കണമെന്നും കവുങ്ങിൻതോട്ടങ്ങളിലെ പാളകൾ നീക്കം ചെയ്യണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. വീടിനും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കി കൊതുക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *