ചുള്ളിക്കര എ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. സന്ദർശിച്ചു

രാജപുരം: കനത്ത മഴയെത്തുടർന്ന് കള്ളാർ ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കര എ.എൽ.പി. സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ നേരിൽ കണ്ട അദ്ദേഹം വിവരങ്ങൾ അന്വേഷിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
കുട്ടിക്കാനം, ഓട്ടക്കണ്ട തുടങ്ങിയ മലയോര മേഖലകളിൽനിന്ന് മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച 7 കുടുംബങ്ങളിലെ 24-ഓളം ആളുകളാണ് നിലവിൽ ഈ ക്യാമ്പിൽ കഴിയുന്നത്. ക്യാമ്പിലെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്ഷണ വിതരണം, കുടിവെള്ള ലഭ്യത, അടിയന്തര വൈദ്യസഹായം എന്നിവ എം.എൽ.എ. നേരിട്ട് വിലയിരുത്തി. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.
കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ., വൈസ് പ്രസിഡന്റ് എം.എം. സൈമൺ, വാർഡ് മെമ്പർമാരായ ഗീത പി., ഗിരീഷ്, വാസു കെ., ശ്രീവിദ്യ, ബി. രത്നാകരൻ നമ്പ്യാർ, ശശീന്ദ്രൻ കെ.ആർ., ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവരും എം.എൽ.എ.യോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *