ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുന്നത് വിലക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വാഹനങ്ങൾ റോഡിലിറങ്ങുന്നത് തടയുകയും അപകടങ്ങളിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് നിർദേശം.കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഈ നിർദേശം ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം മുന്നോട്ടുവച്ചത്. ഇൻഷുറൻസ് ഡാറ്റാബേസുമായി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ബന്ധിപ്പിക്കണമെന്നും, ഇതുവഴി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ വേഗത്തിൽ കണ്ടെത്തി പിഴ ചുമത്താൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രാഫിക് പോലീസിന് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ തൽസമയം പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് കോടതി നിർദേശിച്ചു.
രാജ്യത്ത് റോഡിലിറങ്ങുന്ന വാഹനങ്ങളിൽ ഏകദേശം 56 ശതമാനത്തിനും സാധുവായ ഇൻഷുറൻസ് ഇല്ലെന്ന നിരീക്ഷണവും കോടതി രേഖപ്പെടുത്തി. ഇത് നിർബന്ധിത മോട്ടോർ ഇൻഷുറൻസ് സംവിധാനത്തിന്റെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതോടൊപ്പം അപകടബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിലും കാലതാമസം സൃഷ്ടിക്കുന്നതായി കോടതി വിലയിരുത്തി.
സ്വകാര്യ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി വർധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സ്വകാര്യ കാറുകളുടെ തേഡ് പാർട്ടി ഇൻഷുറൻസ് മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമാക്കാനും പുതിയ ഇരുചക്ര വാഹനങ്ങളുടേത് അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമാക്കാനും ഐആർഡിഎഐ ആവശ്യമായ നിർദേശങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് നൽകണമെന്ന് കോടതി വ്യക്തമാക്കി. വാഹന ഉടമകൾ തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കുന്നതിൽ കാണിക്കുന്ന വീഴ്ച കണക്കിലെടുത്താണ് ഈ നിർദേശം.












Leave a Reply