അംബികാസുതൻ മാങ്ങാടിന് 13-ാമത് കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരി റെഡ് സ്റ്റാർ യൂത്ത് സെന്ററിന്റെ 13-ാമത് കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം പ്രമുഖ സാഹിത്യകാരനും ചെറുകഥാകൃത്തുമായ അംബികാസുതൻ മാങ്ങാട്യ്ക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

10,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആഗസ്റ്റ് 26-ന് വൈകിട്ട് നോർത്ത് കോട്ടച്ചേരിയിൽ ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ സ്പീക്കർ എ.എൻ. ഷംസീർ പുരസ്കാരം വിതരണം ചെയ്യും.

കാസർകോട് ജില്ലയിലെ ബാരഗ്രാമം സ്വദേശിയായ അംബികാസുതൻ മാങ്ങാട് എം.എ., എം.ഫിൽ ബിരുദങ്ങളും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. അബുദാബി ശക്തി, മലയാറ്റൂർ, ഒ.വി. വിജയൻ, പത്മരാജൻ, ഓടക്കുഴൽ ഉൾപ്പെടെ 40-ലേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ‘കയ്യൊപ്പ്’ സിനിമയുടെ തിരക്കഥാകൃത്തായ അദ്ദേഹം ‘എൻമകജെ’, ‘മാക്കം എന്ന പെൺതെയ്യം’, ‘അല്ലോഹലൻ’ തുടങ്ങിയ ശ്രദ്ധേയ നോവലുകളും 27 ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ മലയാളവിഭാഗം അധ്യക്ഷസ്ഥാനത്ത് നിന്ന് 2019-ലാണ് വിരമിച്ചത്.

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23-ന് രാവിലെ ക്രോസ് കൺട്രി മത്സരം നടക്കും. വിജയികൾക്ക് 3,000, 2,000, 1,000 രൂപ വീതം സമ്മാനമായി നൽകും. രാവിലെ 10 മണിക്ക് ക്ലബ്ബ് പരിധിയിലെ വീടുകളിൽ അരി വിതരണം നടത്തും. സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. നിഷാന്ത് ഉദ്ഘാടനം നിർവഹിക്കും. ഡോ. സബീന അബൂബക്കർ മുഖ്യാതിഥിയാകും.

ആഗസ്റ്റ് 26-ന് രാവിലെ 9 മണിക്ക് പതാക ഉയർത്തലും തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങളും നടക്കും. വൈകിട്ട് 5 മണിക്ക് തലയണയടി മത്സരവും 6 മണിക്ക് ഉദ്ഘാടന സമ്മേളനവും പുരസ്കാര വിതരണവും നടക്കും. പുരസ്കാരജേതാവിനെ ഡോ. എ. ശ്രീധരൻ പരിചയപ്പെടുത്തും. ക്ലബ്ബ് പ്രസിഡന്റ് പി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും.

കേരള ഫോക്‌ലോർ അവാർഡ് ജേതാവ് പുള്ളിക്കാരൻ ദേവസ്ഥാനം സ്ഥാനികൻ കുമാരൻ വെളിച്ചപ്പാടിനെ ചടങ്ങിൽ ആദരിക്കും. ക്ലബ്ബ് പരിധിയിലെ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ അനുമോദിക്കും. ഓണാഘോഷ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. തുളസി നിർവഹിക്കും. രാത്രി 8 മണിക്ക് സിനിമാറ്റിക് ഡാൻസും 9 മണിക്ക് ബ്ലാക്ക് പെപ്പേഴ്‌സിന്റെ നാടൻപാട്ടും നാടൻകലാപരിപാടികളും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ഡോ. എ. അശോകൻ, ക്ലബ്ബ് പ്രസിഡന്റ് പി.വി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി ജി.കെ. ഗോകുൽ, എം.വി. രാഘവൻ, എം. സുനിൽ, എം.വി. ദിലീപ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *