കാസറഗോഡ്: ഓഗസ്റ്റ് 1 ലോക ശ്വാസകോശാർബുദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂടംകല്ല് താലൂക്ക് ആസ്ഥാന ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കള്ളാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ ദിനാചരണ സന്ദേശം നൽകി. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം റീന തോമസ്, കള്ളാർ ഗ്രാമപഞ്ചായത്ത് അംഗം ലിറ്റി ജോസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പൂടംകല്ല് താലൂക്ക് ആസ്ഥാന ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. ഷിൻസി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അനി തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ബോധവത്കരണ സെമിനാറിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ. ക്ലാസ്സെടുത്തു.
ലോക ശ്വാസകോശാർബുദ ദിനം: അറിയേണ്ട കാര്യങ്ങൾ
ശ്വാസകോശാർബുദത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുന്നതിനും രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് ഓഗസ്റ്റ് 1 ലോക ശ്വാസകോശാർബുദ ദിനമായി ആചരിക്കുന്നത്. “ശ്വാസകോശാർബുദത്തെ പ്രതിരോധിക്കാൻ ഒന്നിച്ച്” (Together through lung cancer) എന്നതാണ് ഈ വർഷത്തെ ദിനാചരണ പ്രമേയം. ലോകമെമ്പാടുമുള്ള അർബുദ മരണങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ശ്വാസകോശ അർബുദം തുടക്കത്തിൽ തന്നെയുള്ള രോഗനിർണയം വഴി ഫലപ്രദമായി പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും. ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷത്തോളം ആളുകൾ ശ്വാസകോശാർബുദം മൂലം മരണപ്പെടുന്നു എന്നത് ഈ രോഗനിർണയത്തിന്റെ അടിയന്തര പ്രാധാന്യത്തെ വെളിവാക്കുന്നു.
അതീവ ജാഗ്രത പുലർത്തേണ്ടവർ
നിലവിൽ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നവരും.
ആസ്ബസ്റ്റോസ്, ഡീസൽ പുക, കൽക്കരി തുടങ്ങിയവയുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (നിർമ്മാണം, ഖനനം, ട്രാഫിക് നിയന്ത്രണം മുതലായവ).
വീടുകളിൽ വിറകും മറ്റ് ജൈവ ഇന്ധനങ്ങളും ഉപയോഗിച്ച് ദീർഘകാലം പാചകം ചെയ്യുന്നവർ.
കുടുംബത്തിൽ ശ്വാസകോശ അർബുദ പശ്ചാത്തലമുള്ളവർ.
സി.ഓ.പി.ഡി, ക്ഷയരോഗം, തുടങ്ങിയ ദീർഘകാല ശ്വാസകോശ രോഗങ്ങളുള്ളവർ.
പൊതുവായ ലക്ഷണങ്ങൾ
രണ്ട്-മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ.
ചുമയ്ക്കുമ്പോൾ രക്തത്തിന്റെ അംശം കാണുക.
ശ്വാസമെടുക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ ഉണ്ടാകുന്ന നെഞ്ചുവേദന.
ശ്വാസംമുട്ടൽ, പെട്ടെന്നുണ്ടാകുന്ന ശബ്ദമാറ്റം
പെട്ടെന്ന് ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, അമിതമായ ക്ഷീണം.
ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ അണുബാധകൾ അടിക്കടിയുണ്ടാകുക.
അതീവ ശ്രദ്ധ ആവശ്യമുള്ള ലക്ഷണങ്ങൾ
സാധാരണ ചികിത്സകൾ കൊണ്ട് മാറാത്ത ശ്വാസകോശ രോഗലക്ഷണങ്ങൾ.
തുപ്പലിൽ രക്തത്തിന്റെ അംശം
വിരൽതുമ്പുകൾ തടവിക്കുക (Finger Clubbing).
കഴുത്തിലോ മുഖത്തോ ഉണ്ടാകുന്ന വീക്കം.
കാരണം വ്യക്തമല്ലാത്ത പനി, രാത്രികാലങ്ങളിലെ അമിത വിയർപ്പ്.
ശ്വാസകോശ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക: ശ്വാസകോശാർബുദത്തിന്റെ പ്രധാന കാരണം പുകയില ഉപയോഗമാണ്. പുകവലി ഉപേക്ഷിക്കുന്നതും പരോക്ഷ പുകവലി ഒഴിവാക്കുന്നതും രോഗസാധ്യത ഗണ്യമായി കുറയ്ക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക: വായുമലിനീകരണവും പുകയും പൊടിയുമുള്ള ഇടങ്ങളിലും അത്തരം ജോലിസ്ഥലങ്ങളിലും ഉയർന്ന ഗുണനിലവാരമുള്ള മാസ്കുകൾ/റെസ്പിറേറ്ററുകൾ കൃത്യമായി ധരിക്കുക.
രോഗം തുടക്കത്തിലേ തിരിച്ചറിയുക: നീണ്ടുനിൽക്കുന്ന ചുമയോ ശ്വാസതടസ്സമോ കണ്ടാൽ സ്വയംചികിത്സയ്ക്ക് നിൽക്കാതെ ഉടനടി വൈദ്യപരിശോധന നടത്തുക.
ആരോഗ്യകരമായ ജീവിതശൈലി: ശരിയായ പോഷകാഹാരം, വ്യായാമം, ശുചിത്വമുള്ള അന്തരീക്ഷം എന്നിവ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.












Leave a Reply