കാസർകോട് ജനറൽ ആശുപത്രിയിൽ വിജിലൻസ് പരിശോധന; താൽക്കാലിക നിയമനത്തിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിലും ക്രമക്കേടെന്ന് കണ്ടെത്തൽ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് നടക്കുന്ന താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിലും ക്രമക്കേടുകൾ കണ്ടെത്തി വിജിലൻസ്. വിജിലൻസ് ഡിവൈഎസ്പി പി.പി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.

ആർഎസ്ബിവൈ പദ്ധതി പ്രകാരമുള്ള താൽക്കാലിക നിയമനങ്ങളിലും ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണത്തിലും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ താൽക്കാലിക നിയമനം

2015 മുതൽ ആർഎസ്ബിവൈ പദ്ധതിയുടെ ഭാഗമായി 20 ഓളം താൽക്കാലിക ജീവനക്കാരെ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചതായി പരിശോധനയിൽ വ്യക്തമായി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയോ സുതാര്യമായ മറ്റ് നടപടിക്രമങ്ങൾ പാലിച്ചോ ആയിരുന്നില്ല നിയമനം. കാലാവധി പൂർത്തിയായിട്ടും പുതിയ ആളുകൾക്ക് അവസരം നൽകാതെ നേരത്തേ നിയമനം ലഭിച്ചവരെത്തന്നെ ചട്ടങ്ങൾ ലംഘിച്ച് തുടർച്ചയായി പുനർനിയമിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തി.

ഭിന്നശേഷി സർട്ടിഫിക്കറ്റ് അപേക്ഷകളിലും വീഴ്ച

ഭിന്നശേഷി സർട്ടിഫിക്കറ്റിനായി ലഭിക്കുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിലും ഗുരുതര വീഴ്ചകളുണ്ടെന്നാണ് കണ്ടെത്തൽ. 2022 മുതൽ അപേക്ഷകൾ പൂർണമായും ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. എന്നാൽ ഓൺലൈനായി അപേക്ഷിച്ച ശേഷം പ്രിന്റൗട്ടുമായി നേരിട്ട് ഓഫീസിലെത്തി സ്വാധീനം ചെലുത്തുന്നവരുടെ അപേക്ഷകൾ മാത്രമാണ് വേഗത്തിൽ മെഡിക്കൽ ബോർഡിന് മുന്നിൽ എത്തിച്ചിരുന്നതെന്ന് വിജിലൻസ് പരിശോധനയിൽ വ്യക്തമായി.

ഇതോടെ സ്വാധീനമില്ലാത്ത സാധാരണക്കാരുടെ അപേക്ഷകൾ പരിഗണിക്കപ്പെടാതെ പോകുന്ന സാഹചര്യമുണ്ടായി. 2024 മുതൽ ലഭിച്ച നിരവധി ഓൺലൈൻ അപേക്ഷകൾ പരിശോധന നടത്താതെയും മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കാതെയും കെട്ടിക്കിടക്കുകയാണ്. ഓൺലൈൻ അപേക്ഷകളുടെ മുൻഗണനാക്രമം അട്ടിമറിച്ച് നേരിട്ട് ഹാർഡ് കോപ്പിയുമായി എത്തുന്നവർക്ക് വഴിവിട്ട സഹായം നൽകിയതായും വിജിലൻസ് കണ്ടെത്തി.

എഎസ്ഐമാരായ റിജേഷ്, സന്തോഷ് കെ. ഡോൺ, ശ്രീജിത്ത് മടിക്കൈ, രാജേഷ് മേലത്ത് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സർക്കാരിനും വിജിലൻസ് ഡയറക്ടർക്കും ഉടൻ സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *