16 വർഷങ്ങൾക്ക് ശേഷം ഒറ്റക്കോല മഹോത്സവം; നാൾമരം മുറിച്ചു

നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ 16 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവത്തിനായുള്ള നാൾമരം മുറിച്ചു. 2027 ഏപ്രിൽ 7, 8, 9 തീയതികളിലാണ് ഒറ്റക്കോല മഹോത്സവം നടക്കുന്നത്.

തെക്കൻ ബങ്കളത്ത് നടന്ന ചടങ്ങിൽ വിഷ്ണുമൂർത്തിയുടെയും രക്തചാമുണ്ഡിയുടെയും വെളിച്ചപ്പാടന്മാർ, ക്ഷേത്രം ആചാരസ്ഥാനികർ, വാല്യക്കാർ, പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതി ക്ഷേത്രം ആചാരസ്ഥാനികർ, കൂട്ടായിക്കാർ എന്നിവർ പങ്കെടുത്തു.

നാൾമരത്തിന് ചുറ്റും മൂന്നു വട്ടം പ്രദക്ഷിണം വെച്ച് മഞ്ഞൾക്കുറിയിട്ട് ശുദ്ധിവരുത്തിയ ശേഷം വിഷ്ണുമൂർത്തിയുടെ നർത്തകൻ ആചാരവിധിപ്രകാരം തിരുവായുധംകൊണ്ട് മൂന്നു പ്രാവശ്യം കൊത്തി. തുടർന്ന് ക്ഷേത്രം കൊല്ലൻ രാമചന്ദ്രൻ ആചാരിയുടെ കാർമികത്വത്തിൽ പെരുംകൊല്ലൻ കുഞ്ഞിക്കൃഷ്ണൻ കുണ്ടേംവയൽ രാവിലെ 9.31നും 11.41നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ നാൾമരം മുറിച്ചു.

തുടർന്ന് പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതി ക്ഷേത്രം വാല്യക്കാർ ആർപ്പുവിളികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നാൾമരം ചുമലിലേറ്റി ഒറ്റക്കോല മഹോത്സവ സന്നിധിയിൽ എത്തിച്ചു. ക്ഷേത്രത്തിൽ അകമ്പടി ചടങ്ങുകളും നടന്നു.

ക്ഷേത്രം കോയ്മ കുറുവാട്ട് ഗോപാലൻ നായർ, ആഘോഷ കമ്മിറ്റി അംഗങ്ങൾ, ക്ഷേത്ര കമ്മിറ്റി, വിവിധ സബ് കമ്മിറ്റികൾ, തറവാട്ടുകാർ, ക്ഷേത്രം വാല്യക്കാർ, പാലായി ശ്രീ പാലാക്കൊഴുവൽ ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ, നാട്ടുകാർ തുടങ്ങി നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അന്നദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *