കാസർകോട്ടെ ഗതാഗതക്കുരുക്കിന് പരിഹാരമില്ലെങ്കിൽ ഒക്ടോബർ 10 മുതൽ പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കുമെന്ന് സ്വകാര്യ ബസുടമകൾ

കാസർകോട്: നഗരത്തിലെ അശാസ്ത്രീയ പാർക്കിംഗും വഴിയോരക്കച്ചവടവും മൂലം ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച്, ഒക്ടോബർ 10 മുതൽ സ്വകാര്യ ബസുകൾ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള സർവീസ് അവസാനിപ്പിക്കാൻ തീരുമാനം. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കിൽ സർവീസുകൾ പുതിയ ബസ് സ്റ്റാൻഡിൽ അവസാനിപ്പിക്കാനും പഴയ ബസ് സ്റ്റാൻഡ് ബഹിഷ്‌കരിക്കാനും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ കാസർകോട് താലൂക്ക് ജനറൽ ബോഡി യോഗം തീരുമാനിച്ചു.

റോഡ് കൈയേറിയുള്ള പാർക്കിംഗും വഴിയോരക്കച്ചവടവും കാരണം ബസുകൾക്ക് കൃത്യസമയത്ത് സർവീസ് നടത്താൻ സാധിക്കാത്ത സാഹചര്യമാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ 28 കടമുറികൾ നിർമ്മിച്ചു നൽകിയിട്ടുണ്ടെങ്കിലും പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കൈയേറ്റങ്ങൾക്ക് കുറവൊന്നും വന്നിട്ടില്ല. പലരും റോഡിലേക്ക് ഇറക്കിയാണ് കച്ചവടം നടത്തുന്നത്.

പുതിയ ബസ് സ്റ്റാൻഡ് സർക്കിളിൽ നിന്നാണ് പ്രധാനമായും ഗതാഗതക്കുരുക്ക് ആരംഭിക്കുന്നത്. ഇവിടെ റോഡരികിലെ സ്ഥിരം പാർക്കിംഗും കടകളിലേക്ക് എത്തുന്നവരുടെ വാഹനങ്ങളും തടസ്സം സൃഷ്ടിക്കുന്നു. ജനറൽ ആശുപത്രി പരിസരം മുതൽ കാൽനടപ്പാതകളിലെ കച്ചവടം രൂക്ഷമാണ്. ടൗൺ മസ്ജിദ് മുതൽ ബദരിയ ഹോട്ടൽ പരിസരം വരെ ഉന്തുവണ്ടികളും വസ്ത്ര-പഴം വ്യാപാരികളും നിരനിരയായി റോഡ് കൈയടക്കിയിരിക്കുകയാണ്.

തലപ്പാടി, മധൂർ ബസ് ബേകളിൽ അനധികൃതമായി ഓട്ടോറിക്ഷകൾ നിർത്തിയിട്ട് യാത്രക്കാരെ വിളിച്ചുകയറ്റുന്നത് തടയണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. താലൂക്ക് ഓഫീസ് പരിസരം മുതൽ കറന്തക്കാട് ജംഗ്ഷൻ വരെ റോഡരികിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ബീച്ച് റോഡ്, വിനയ മെഡിക്കൽസ് പരിസരം എന്നിവിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫിർദൗസ് ബസാർ റോഡ് മുതൽ പ്ലാവിന്റെ അടി വരെയുള്ള ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ബദരിയ ഹോട്ടലിന് മുന്നിൽ ഒരു ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം സുഗമമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, ഒക്ടോബർ 10-നകം നടപടിയുണ്ടായില്ലെങ്കിൽ പുതിയ ബസ് സ്റ്റാൻഡിൽ സർവീസുകൾ അവസാനിപ്പിക്കാൻ നിർബന്ധിതരാകുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, താലൂക്ക് പ്രസിഡന്റ് കെ.എൻ. ബാലകൃഷ്ണൻ, സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണ എസ്. എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *