ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോ െ്രഡെവറുടെ വീട് പട്ടാപ്പകല്‍ കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍. കൊല്ലം, പറവൂരിലെ അഭിരാജ് (36), പുനലൂരിലെ ആദിത്യന്‍ (26) എന്നിവരെയാണ് ആദൂര്‍ എസ് എച്ച് ഒ ശരത്തും സംഘവും തന്ത്രപരമായി പിടികൂടിയത്. പൊലീസ് സംഘത്തില്‍ എ എസ് ഐ ജോസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രസാദ് പുല്ലൂര്‍, നിഥിന്‍ എന്നിവരും ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 20ന് ആണ് ആദൂര്‍, ബല്ലക്കാട്ടെ ഓട്ടോ െ്രഡെവര്‍ സദാനന്ദയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. സദാനന്ദ ഓട്ടോയുമായും ഭാര്യ ആശുപത്രിയിലെ ജോലിക്കും മകന്‍ സ്‌കൂളിലേക്കും പോയതായിരുന്നു. സദാനന്ദ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടത്. അകത്തുകടന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിലെ അലമാര പൊളിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കാര്യം അറിഞ്ഞത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചുവെങ്കിലും കവര്‍ച്ചക്കാരെകുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. എന്നാല്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ.അനൂബിന്റെ മേല്‍നോട്ടത്തില്‍ എസ്ഐയും സംഘവും ഊര്‍ജ്ജിതമായി അന്വേഷിച്ചു. ആദൂര്‍ മുതല്‍ മൈസൂര്‍ വരെ വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പ്രസാദ് പുല്ലൂരും നിഥിനും മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം കൊല്ലത്തെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പകല്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ നോക്കി കവര്‍ച്ച നടത്തി കര്‍ണാടകയിലേക്ക് രക്ഷപ്പെടുന്ന സ്വഭാവക്കാരാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ആര്‍ഭാട ജീവിതം നയിക്കാനാണ് ഇരുവരും കവര്‍ച്ച നടത്തിയിരുന്നത്. പ്രതികള്‍ക്ക് തമിഴ്നാട്ടിലും മോഷണക്കേസുള്ളതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *