ചരിത്രസാക്ഷിയായ നെഹ്റു പ്രസംഗപീഠം കാറ്റിലും മഴയിലും തകർന്നു

കാഞ്ഞങ്ങാട്: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗിച്ച ചരിത്രപ്രസിദ്ധമായ കാഞ്ഞങ്ങാട്ടെ പ്രസംഗപീഠത്തിന്റെ മേൽക്കൂര ശക്തമായ കാറ്റിലും മഴയിലും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള നെഹ്റുവിന്റെ ഓർമകൾ പേറുന്ന പ്രസംഗപീഠത്തിന് നാശനഷ്ടമുണ്ടായത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നെഹ്റു പ്രസംഗിച്ച കാഞ്ഞങ്ങാട് നെഹ്റു മൈതാനിയിലെ ഈ വേദി വർഷങ്ങളായി വേണ്ടത്ര സംരക്ഷണമില്ലാതെ അവഗണിക്കപ്പെട്ട നിലയിലായിരുന്നു. 1997-ൽ നഗരസഭ കൗൺസിലറായിരുന്ന പ്രഭാകരൻ വാഴുന്നോറടി പ്രസംഗപീഠം സംരക്ഷിക്കണമെന്ന ആവശ്യം കൗൺസിലിൽ ഉന്നയിച്ചതിനെ തുടർന്ന്, അന്നത്തെ ചെയർമാൻ വി. ഗോപി നേതൃത്വം നൽകിയ യു.ഡി.എഫ് ഭരണസമിതി വേദി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതോടൊപ്പം നെഹ്റുവിന്റെ പ്രതിമയും ഇവിടെ സ്ഥാപിക്കുകയുണ്ടായി.

നവീകരണം നടത്തി ഏകദേശം മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ പ്രസംഗപീഠം വീണ്ടും ജീർണാവസ്ഥയിലായി. മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങൾ തകർച്ചയുടെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം അടുത്തിടെ ശക്തമായിരുന്നു. ഇതിനിടെ നടപടികൾ ആരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ശക്തമായ കാറ്റിലും മഴയിലും മേൽക്കൂര തകർന്നുവീണത്.

ചരിത്രപ്രാധാന്യമുള്ള ഈ സ്മാരകം അടിയന്തരമായി നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *