മഴ ചതിച്ചു; ഓണം ലക്ഷ്യമിട്ട പച്ചക്കറി കൃഷി പ്രതിസന്ധിയിൽ

മടിക്കൈ: ഓണവിപണി ലക്ഷ്യമിട്ട് കുന്നിൻ മുകളിൽ 60 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയിറക്കിയ കാരളി രാമചന്ദ്രന് കാലാവസ്ഥ തിരിച്ചടിയായി. മഴയെ ആശ്രയിച്ച് കൃഷി ചെയ്ത വെള്ളരി, പയർ, ചെണ്ടുമല്ലി തുടങ്ങിയ വിളകൾ ആവശ്യത്തിന് മഴ ലഭിക്കാതെയും രൂക്ഷമായ ജലക്ഷാമം നേരിട്ടതുമൂലം നശിച്ചുപോകുന്ന അവസ്ഥയിലാണ്.വർഷങ്ങളായി കാടുമൂടി കിടന്ന തരിശുഭൂമി ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി കൃഷിയോഗ്യമാക്കിയ ശേഷമാണ് രാമചന്ദ്രൻ കൃഷി ആരംഭിച്ചത്. മികച്ച വിളവ് പ്രതീക്ഷിച്ച് വിത്ത്, വളം, തൊഴിലാളികളുടെ കൂലി എന്നിവയ്ക്കായി വലിയ തുക ചെലവഴിച്ചെങ്കിലും മഴ പെയ്യാതിരുന്നത് പ്രതീക്ഷകൾ തകർത്തതായി അദ്ദേഹം പറയുന്നു.

വിളനാശത്തെ തുടർന്ന് കൃഷി ഭവൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തുകയും കർഷകനെ ആശ്വസിപ്പിക്കുകയും ചെയ്തെങ്കിലും, ഇതുവരെ നഷ്ടപരിഹാരമോ മറ്റ് തുടർ നടപടികളോ ഉണ്ടായിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

കാലാവസ്ഥയിലെ പ്രവചനാതീതമായ മാറ്റങ്ങൾ കർഷകരെ പ്രതിസന്ധിയിലാക്കുകയാണെന്ന് പ്രദേശത്തെ കർഷകർ ചൂണ്ടിക്കാട്ടുന്നു. വേണ്ട സമയത്ത് മഴ ലഭിക്കാതെയും ലഭിക്കുമ്പോൾ അതിശക്തമായ മഴ പെയ്തും വിളകൾ നശിക്കുന്ന സാഹചര്യം പതിവാകുകയാണ്. ജലസേചന സൗകര്യങ്ങളുടെ അഭാവവും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വന്യജീവി ശല്യവും ദുരിതം വർധിപ്പിക്കുന്നതായി കർഷകർ പറയുന്നു.

കൃഷിയിൽ നിന്നുള്ള വരുമാനം ചെലവിന് പോലും തികയാത്ത സാഹചര്യത്തിൽ നിരവധി ചെറുകിട കർഷകർ കാർഷിക മേഖലയിൽ നിന്ന് പിന്മാറുകയാണ്. കൃഷി തുടരുന്നവർ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് മുന്നോട്ടുപോകുന്നത്.

ഓണവിപണിയെ ലക്ഷ്യമിട്ട് കൃഷിയിറക്കുന്ന കർഷകർക്ക് കാലാവസ്ഥാ വ്യതിയാനവും ഉയർന്ന ഉൽപാദനച്ചെലവും വലിയ വെല്ലുവിളിയായ സാഹചര്യത്തിൽ സമയബന്ധിതമായ സർക്കാർ ഇടപെടലും ജലസേചന പദ്ധതികളും നഷ്ടപരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *