ഏറ്റെടുത്തത് 24.41 ലക്ഷത്തിന്റെ ബാദ്ധ്യത ഡ്യൂട്ടിക്കിടെ കാസർകോട്ട് വാഹനാപകടത്തിൽ മരിച്ച സജീഷിന്റെ കുടുംബത്തിന് ആധാരം കൈമാറി ഡി.ജി.പി


നീലേശ്വരംമയക്കുമരുന്ന് കടത്തുകേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തെ ചേർത്തുപിടിച്ച് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം. സെപ്‌തംബർ 26 ന് പുലർച്ചെ ചെങ്കളയിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കുന്നതിനായി കാറിൽ സഞ്ചരിക്കവെ അപകടത്തിൽ മരിച്ച ബേക്കൽ സബ് ഡിവിഷൻ ഡാൻസാഫ് ടീമംഗമായ ചെറുവത്തൂർ മയിച്ചയിലെ കെ കെ സജീഷിന്റെ ഭവനവായ്പാ തുകയിൽ തിരിച്ചടക്കാനുള്ള 24, 41,522 രൂപയാണ് സൊസൈറ്റി എഴുതിത്തള്ളിയത്. വായ്പയ്ക്ക് ഈടായി നൽകിയ വസ്തുവിന്റെ ആധാരം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഞായർ രാവിലെ നീലേശ്വരം പൊലീസ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ കുടുംബത്തിന് കൈമാറി. സജീഷ് മരിച്ച്‌ 37 ദിവസം തികയുന്ന നാളിലാണ് വായ്പ എഴുതിത്തള്ളി ആധാരം കുടുംബത്തിന് കൈമാറിയത്. മയക്കുമരുന്നിനെതിരെ ശക്തമായി പ്രതികരിച്ച സമർത്ഥനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സജീഷെന്ന്‌ റവാഡ ചന്ദ്രശേഖർ പറഞ്ഞു. വായ്പ എഴുതിത്തള്ളിയ പൊലീസ് ഹൗസിങ്‌ സഹകരണ സംഘത്തിന്റെ നടപടി സമാന രീതിയിലുള്ള സംഘങ്ങൾ മാതൃകയാക്കണമെന്നും ഡിജിപി പറഞ്ഞു. സംഘം വൈസ് പ്രസിഡന്റ്‌ കെ പി പ്രവീൺ അധ്യക്ഷനായി. നോർത്ത് സോൺ ഐജി രാജ്‌പാൽമീണ, കണ്ണൂർ ഡിഐജി ജി എച്ച് യതീഷ് ചന്ദ്ര, ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡി എന്നിവർ സംസാരിച്ചു. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി പി അഭിജിത്ത്, എം എം അജിത്കുമാർ, ഇ വി പ്രദീപൻ, ഡിവൈഎസ്‌പിമാരായ സി കെ സുനിൽകുമാർ, എം സുനിൽകുമാർ, ഉണ്ണികൃഷ്ണൻ, അനിൽ അരമന, വി വി മനോജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *