മടിക്കൈ: ഒരു വ്യവസായ സ്ഥാപനത്തിൻ്റെ പ്രവർത്തനം അവസാനിക്കുന്ന വാർത്ത മാത്രമല്ല ഇത്. മടിക്കൈ ഗ്രാമത്തിൻ്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ജീവിതത്തിൻ്റെ സ്പന്ദനമായിരുന്ന ഒരു കാലഘട്ടത്തിൻ്റെ സമാപനമാണ്. ചാളക്കടവിൻ്റെ ചരിത്രത്തോടും മടിക്കൈയുടെ ജീവിതത്തോടും ഇഴചേർന്ന ദിനേശ് കമ്പനി, 45 വർഷത്തെ പ്രവർത്തനങ്ങൾക്ക് ശേഷം 2026 30-ന് പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ജൂലൈ 1 മുതൽ ചാളക്കടവ് പുതിയൊരു കാലഘട്ടത്തിലേക്ക് കടക്കും.
1981-ലാണ് ചാളക്കടവിൻ്റെ ചുവന്ന മണ്ണിലേക്ക് ദിനേശ് കമ്പനി എത്തിയത്. അന്നുമുതൽ ഒരു തൊഴിൽ സ്ഥാപനം എന്നതിനപ്പുറം, ഒരു നാടിൻ്റെ സാമൂഹിക ജീവിതത്തിൻ്റെ കേന്ദ്രമായി കമ്പനി മാറി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ശക്തമായ വേരുകളുള്ള ചാളക്കടവിൽ, തൊഴിലാളി രാഷ്ട്രീയത്തിൻ്റെയും ജനകീയ പ്രസ്ഥാനങ്ങളുടെയും വളർച്ചയിൽ ദിനേശ് കമ്പനിക്കും സുപ്രധാന പങ്കുണ്ട്.
45 വർഷത്തിനുശേഷം ആ കത്രികയുടെ ശബ്ദം നിലയ്ക്കുകയാണ്. സുപ്പിൽ വെച്ച് മുറിക്കുന്ന കൈകൾ നിശ്ചലമാകുകയാണ്. മുറിച്ചിട്ട ഇലത്തുണ്ടുകളും, ചപ്പിൻ്റെ ഗന്ധവും, തൊഴിലാളികളുടെ തിരക്കും ഇനി ചാളക്കടവിൻ്റെ ദൈനംദിന കാഴ്ചകളാകില്ല.
ജൂലൈ 1 മുതൽ ദിനേശ് കമ്പനി ജീവനക്കാരില്ലാത്ത ചാളക്കടവ്… ദിനേശ് മേസ്ത്രിയില്ലാത്ത ചാളക്കടവ്… ഹെൽപ്പർമാരില്ലാത്ത ചാളക്കടവ്… ദിനേശ് സഹകരണ സംഘത്തിൻ്റെ മേൽവിലാസമില്ലാത്ത ചാളക്കടവ്… അങ്ങനെയൊരു പുതിയ യാഥാർത്ഥ്യത്തിലേക്കാണ് ഈ ദേശം കടക്കുന്നത്.
രാഷ്ട്രീയ ചലനങ്ങളുടെ ആവേശവും സംഘർഷഭരിതമായ സമരദിനങ്ങളും, നാടകങ്ങളുടെ അരങ്ങും സിനിമാ വിശേഷങ്ങളും, കബഡിയുടെ ആരവവും ഫുട്ബോളിൻ്റെ പ്രകമ്പനങ്ങളും, മടിക്കൈ മാടത്തെയും പരിസരവും ക്ഷേത്രങ്ങളിലെയും തെയ്യം ദിനങ്ങളും, കലാവേദിയുടെ ഓണാഘോഷങ്ങളും, ഓരോ തിരഞ്ഞെടുപ്പ് കാലങ്ങളിലെ ചർച്ചകളും പ്രചാരണങ്ങളും-ഇതെല്ലാം ചാളക്കടവിലെ ദിനേശ് കമ്പനി ചുറ്റിപ്പറ്റിയായിരുന്നു. ഒരു നാടിൻ്റെ ജീവിതതാളം നിർണ്ണയിച്ച ഇടമായി കമ്പനി മാറിയിരുന്നു.
ഓരോ തൊഴിലാളിക്കും ഓരോ കുടുംബത്തിനും പറയാൻ എണ്ണമറ്റ അനുഭവങ്ങളുണ്ട്. പി.ആർ. രതീഷിൻ്റെ “പ്രണയമഴ” എന്ന കവിതയിലെ “ഒരിക്കൽ പെയ്താൽ മതി… ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ” എന്ന വരികളെ അനുസ്മരിപ്പിക്കുന്ന ജീവിതങ്ങളായിരുന്നു അവിടെ വിരിഞ്ഞത്. പ്രണയത്തിൽ ഒലിച്ചുപോയവരും, പ്രണയത്തിനൊപ്പം ഒഴുകിനിന്നവരും, ബന്ധങ്ങളെ മുറുകെപ്പിടിച്ചവരും, പിടികൊടുക്കാതെ വഴിമാറിയവരും അവിടെയുണ്ടായിരുന്നു. വിപ്ലവത്തിൻ്റെ നാളുകൾ സ്വപ്നം കണ്ട് ജാഥകളിൽ തൊണ്ട പൊട്ടുംവരെ മുദ്രാവാക്യം മുഴക്കിയവരും, ജീവിതത്തിൻ്റെ തീക്കടൽ കടന്ന് നാളെയെ വാർത്തെടുത്തവരും, ചെറുനാണയത്തുട്ടുകൾ സൂക്ഷിച്ച് കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കിയവരും, പുതിയ രുചികൾ തേടി ഹോട്ടലുകളിലേക്ക് നടന്നവരും, ‘പുലരി’ സ്റ്റുഡിയോയിൽ നിന്ന് ജയൻ്റെയും ജയഭാരതിയുടെയും ചിത്രങ്ങൾ വാങ്ങിയവരും-അങ്ങനെ എത്രയോ അനുഭവങ്ങളുടെ ചുടും ചൂരും ഓർമ്മകളുടെ കേന്ദ്രമായിരുന്നു ഈ സ്ഥാപനം.
വായനയുടെ വാതായനങ്ങളും ചാളക്കടവിൻ്റെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. ദേശാഭിമാനി ദിനപത്രവും ചിന്ത വാരികയും ദേശാഭിമാനി വാരികയും തൊഴിലാളികളുടെ കൈകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. രാഷ്ട്രീയ ബോധവും സാമൂഹിക ചിന്തയും വളർത്തിയെടുത്ത ഒരു തൊഴിലിടം കൂടിയായിരുന്നു ദിനേശ് കമ്പനി.
ഒരുകാലത്ത് കുട്ടികൾക്ക് ദിനേശ് കമ്പനിയിൽ ജോലി ലഭിക്കുന്നത് കുടുംബങ്ങൾക്ക് അഭിമാനമായിരുന്നു. വിവാഹാലോചനകളിൽ പോലും അതിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. ഇവിടെ നിന്നുള്ള വരുമാനമാണ് നിരവധി കുടുംബങ്ങളുടെ ജീവിതം കരുപ്പിടിപ്പിച്ചത്. ജീവിതത്തിൻ്റെ മറുകര തേടി ദുബായടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചവരുടെ സ്വപ്നങ്ങളുടെ തുടക്കവും പലപ്പോഴും ചാളക്കടവിൽ നിന്നായിരുന്നു.
ദിനേശ് കമ്പനിയുടെ കഥകൾ കേട്ടിരുന്നാൽ ഒരു കാലഘട്ടം തന്നെ തുറന്നുവരും. ഓരോ തൊഴിലാളിയുടെയും മനസ്സിൽ പറയാതെ ബാക്കിയാകുന്ന കഥകളും എഴുതപ്പെടാത്ത കവിതകളും ഇന്നും ജീവിക്കുന്നു. മടിക്കൈയെ പ്രചോദിപ്പിക്കും, പോരാട്ടങ്ങൾക്ക് കരുത്തുപകരും, വിപ്ലവവേഗങ്ങൾക്ക് പിന്തുണയായി ഒരു ജീവൻ പോലെ നിലകൊണ്ട ഇടമാണ് ചാളക്കടവിലെ ദിനേശ് കമ്പനി.












Leave a Reply