അമീബിക് മസ്തിഷ്‌ക ജ്വരം; അമ്പലത്തറയിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അതീവ ഗുരുതര നിലയില്‍

കാഞ്ഞങ്ങാട്: തോട്ടില്‍ കുളിച്ച് 18കാരന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചുവെന്ന സംശയത്തെ തുടര്‍ന്ന് മംഗളൂരു ആസ്പത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. വെന്റിലേറ്ററിലാണുള്ളത്. അമ്പലത്തറയിലെ ബി.ടെക് വിദ്യാര്‍ത്ഥിയെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിനടുത്തുള്ള തോട്ടിലും പിന്നീട് അമ്പലത്തറ ടൗണിനോട് ചേര്‍ന്നുള്ള കുളത്തിലും കുളിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തോട്ടില്‍ കുളിച്ചതിന് ശേഷം ചെവിയില്‍ വെള്ളം നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. അസഹ്യമായ പനിയും തലവേദനയുമുണ്ടായി. തുടര്‍ന്നാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്പത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി.കെ സവിത സന്ദര്‍ശിച്ചു. അതേസമയം രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് ഡി.എം.ഒ ഡോ. കെ. സി രേഖ പറഞ്ഞു. അതിനിടെ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാപകമായ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. രോഗബാധ ഉണ്ടായതെന്ന് സംശയിക്കുന്ന കുളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് കുളത്തിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡുകളിലെ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും ബോധവല്‍ക്കരണ നോട്ടീസ് വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *