പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു.

കാഞ്ഞങ്ങാട്: പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. തടയാന്‍ ചെന്ന മകള്‍ക്കും വെട്ടേറ്റു ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മാങ്ങാട് ചെര്‍ക്കാപ്പാറയിലെ അര്‍ച്ചന നിവാസില്‍ കെ എ യശോദയെയാണ് (67) ഭര്‍ത്താവ് ടി.വി.നാഗരാജന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. അമ്മയെ അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് മകള്‍ ഷൈജി മോള്‍ക്കും (30) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റത്. അക്രമത്തിനുശേഷം പള്ളിക്കരയിലെ ഓട്ടോ ഡ്രൈവര്‍ കൂടിയായ നാഗരാജന്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ മൊഴി രേഖപ്പെടുത്തുന്നതിനിടയിലാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ നാഗരാജനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് നാഗരാജന്‍ തനിച്ചും ഭാര്യ യശോദ പെണ്‍മക്കള്‍ക്കൊപ്പവുമാണ് താമസം. നേരത്തെയും യശോദയെ നാഗരാജന്‍ അക്രമിച്ചിരുന്നു. ഇതുസംബന്ധിച്ച കേസ് നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *