ജീവിച്ചിരിക്കുമ്പോൾ അവഗണന, മരണശേഷവും ഒറ്റയ്ക്ക്; നാരായണന്റെ അന്ത്യകർമം നിർവഹിച്ച് ഇർഫാന

ഉപ്പള: ജീവിച്ചിരിക്കുമ്പോൾ വിശപ്പും രോഗവും മാത്രം കൂട്ടായി. മരിച്ചപ്പോൾ രണ്ട് ഭാര്യമാരും മക്കളും ബന്ധുക്കളും ഉണ്ടായിട്ടും മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ല. ഒടുവിൽ ഒരു ജനപ്രതിനിധി ഏറ്റെടുത്തു… നാരായണന്റെ ജീവിതം അവസാനിച്ചതും മനുഷ്യസ്നേഹത്തിന്റെ കരുതലിൽ.

ഉപ്പള മീഞ്ച ചിഗിറുപദവിലെ 64കാരനായ നാരായണന്റെ ജീവിതം അവസാന നാളുകളിൽ തീർത്തും ദുരിതപൂർണമായിരുന്നു. ഒരു മാസം മുമ്പ് നാട്ടിലെ കടവരാന്തിയിൽ ഭക്ഷണം പോലും കഴിക്കാനാകാതെ അത്യാസന്ന നിലയിൽ കിടന്ന അദ്ദേഹത്തെ കണ്ടാണ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ ഇടപെട്ടത്.

വിവരം ജില്ലാ കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും കൈമാറി. തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ നാരായണനെ കുളിപ്പിച്ച് വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്യാൻസർ രോഗബാധിതനായിരുന്ന നാരായണൻ ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങി.

മരണശേഷം ആശുപത്രി അധികൃതർ മഞ്ചേശ്വരം പോലീസിനെ വിവരമറിയിച്ചു. പോലീസ് കുടുംബാംഗങ്ങളെ ബന്ധപ്പെട്ടു. എന്നാൽ രണ്ട് ഭാര്യമാരും മക്കളും മറ്റ് ബന്ധുക്കളും ഉണ്ടായിരുന്നിട്ടും മൃതദേഹം ഏറ്റുവാങ്ങാൻ ആരും തയ്യാറായില്ല.

ഒടുവിൽ, ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാൻ മുൻകൈയെടുത്ത അതേ ഇർഫാന ഇക്ബാൽ തന്നെ മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ ഉപ്പളയിലെത്തിച്ചു. സാമൂഹ്യപ്രവർത്തകരായ റിയാസ് പിലാത്തറ, മുഹമ്മദ് എന്നിവർക്കൊപ്പം ചേർന്ന് നാരായണന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചു.

ഉപ്പളയിൽ അശരണരായ വയോജനങ്ങൾക്കായി വൃദ്ധസദനം നടത്തിവരുന്ന ഇർഫാന ഇക്ബാൽ, നാരായണന്റെ അവസാന യാത്രയിലും തണലായി.

ചില ജീവിതങ്ങൾ അവസാനിക്കുന്നത് ഒരു വാർത്തയായല്ല… മനുഷ്യസ്നേഹത്തിന്റെ വില ഓർമ്മിപ്പിക്കുന്ന ഒരു കണ്ണാടിയായാണ്.

Leave a Reply

Your email address will not be published. Required fields are marked *