പനത്തടി: പനത്തടി പഞ്ചായത്തിലെ ബളാംതോട് – എൻ.എസ്.എസ് എസ്റ്റേറ്റിലെ അടുക്കം പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉള്ളതായി സംശയം. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ഒരു കുറുക്കനെ പാതി തിന്ന നിലയിൽ ചത്തുകിടക്കുന്നത് പ്രദേശവാസികൾ കണ്ടെത്തി.
കുറുക്കന്റെ ശരീരത്തിലുണ്ടായ മുറിവുകളുടെയും, അവശിഷ്ടങ്ങളുടെയും സ്വഭാവം വച്ച് ഇത് പുലിയുടെ ആക്രമണം തന്നെയാകാനാണ് സാധ്യതയെന്ന് നാട്ടുകാർ ഭയപ്പെടുന്നു. വനപ്രദേശത്തോട് ചേർന്നുകിടക്കുന്ന ഇവിടെ പുലിയെ കണ്ടതായി നേരത്തെയും ചില സൂചനകൾ ലഭിച്ചിരുന്നു.
കുറുക്കന്റെ ജഡം കണ്ടെത്തിയ സംഭവം പ്രദേശവാസികളിലും, എസ്‌റ്റേറ്റിലെ തൊഴിലാളികളിലും വലിയ ഭീതി പടർത്തിയിട്ടുണ്ട്. പനത്തടിയിലെ കാർഷിക മേഖലയും തോട്ടം തൊഴിലാളികളും ഏറെയുള്ള ഈ ഭാഗത്ത് പുലിയുടെ സാന്നിധ്യം ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്. പുലർച്ചെയും സന്ധ്യക്കും തൊഴിലാളികൾക്ക് ജോലിക്ക് പോകാനോ, മറ്റുള്ളവർക്ക് പുറത്തിറങ്ങാനോ ഭയപ്പെടുന്ന അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തിൽ ജനങ്ങളുടെയും തൊഴിലാളികളുടെയും ജീവന് സംരക്ഷണം നൽകുന്നതിനാവശ്യമായ അടിയന്തിര ഇടപെടലുകൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും, പ്രദേശത്ത് കാമറകൾ സ്ഥാപിക്കാനോ, കൂട് വെച്ച് പുലിയെ പിടിക്കാനോ ഉള്ള നടപടികൾ അടിയന്തിരമായി കൈക്കൊള്ളണം. വനം വകുപ്പിന്റെ അനാസ്ഥയാണ് പലപ്പോഴും ഇത്തരം വന്യജീവി ആക്രമണങ്ങൾ രൂക്ഷമാകുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
വാർത്തയറിഞ്ഞ് പനത്തടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. ജയകുമാർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജീവ് തോമസ്, സുരേഷ് പി.ബി. തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വനം വകുപ്പ് അധികാരികളോട് ഉടനടി നടപടി സ്വീകരിക്കാൻ അവർ ആവശ്യപ്പെട്ടിട്ടുണ്ട്.












Leave a Reply