
പാണത്തൂർ – സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത്. എന്നാൽ എവിടെ നോക്കിയാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇതിനെതിരെ നടപടിയെടുക്കേണ്ട അധികൃതരാകട്ടെ ഉറക്കത്തിലും. സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പനത്തടി പഞ്ചായത്തിലാണ് ടൗണുകൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നത്. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് തടയുന്നതിനും, നടപടിയെടുക്കുന്നതിനും അധികാരപ്പെട്ടവരാകട്ടെ ഇതെല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തിലും. മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും, അത് തടയുന്നതിനാവശ്യമായ മറ്റു പ്രവർത്തനങ്ങളും നടത്താതെ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടി മെമ്പർമാരും, സാമൂഹ്യ പ്രവർത്തകരും പ്രഖ്യാപനവേളയിൽ തന്നെ എതിർപ്പ് ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ തിടുക്കത്തിൽ പ്രഖ്യാപനം നടത്തുകയായിരുന്നു. നിശ്ചിത ഇടവേളകളിൽ ജനകീയ പങ്കാളിത്തത്തോടുകൂടി മാലിന്യം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടാത്തതാണ് ടൗണുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിറയാൻ കാരണമായിട്ടുള്ളതെന്നാണ് പ്രദേശത്തെ സാമുഹ്യ പ്രവർത്തകർ പറയുന്നത്.
സംഭരിച്ചു വയ്ക്കാൻ സൗകര്യമില്ലാത്തതിനാൽ വീടുകളിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൃത്യമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുവാനും കഴിയുന്നില്ല. വാർഡുകളിലെ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങൾ അതാത് വാർഡുകളിലെ മിനി എംസിഎഫുകളിൽ നിക്ഷേപിക്കുകയാണ്. ഈ മാലിന്യങ്ങൾ വാർഡുകളിലെ എംസിഎഫുകളിൽ നിന്നും സമയാസമയങ്ങളിൽ വട്ടക്കയത്തെ സംസ്കരണ കേന്ദ്രത്തിലേക്ക് മാറ്റി തരം തിരിച്ച് മെഷീൻ ഉപയോഗിച്ച് ബെയ്ലിങ്ങ് നടത്തി നിശ്ചിത തുകക്ക് ക്ലീൻ കേരളാ കമ്പനിക്ക് നൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ കുറച്ചു മാസങ്ങളായി കേന്ദ്രത്തിൽ ബെയ്ലിങ്ങ് പ്രവൃത്തി നടക്കുന്നില്ല. കുറച്ചു കാലം തകരാറിലായ ബെയ്ലിങ്ങ് മെഷീൻ ഇപ്പോൾ ആറ്റ കുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കിയെങ്കിലും ബെയ്ലിങ്ങ് പ്രവൃത്തി പുന:രാരംഭിക്കാത്തതിൽ നാട്ടുകാർ ചില ദുരൂഹത ആരോപിക്കുന്നു. കൃത്യമായി ബെയ്ലിങ്ങ് നടക്കാത്തതിനാൽ ഇവിടെ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്താൽ മാത്രമേ വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഇവിടേക്ക് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. സ്ഥല പരിമിതിമൂലം വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ വട്ടക്കയത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകരുത് എന്ന നിർദ്ദേശം ഉള്ളതിനാൽ പല എംസിഎഫുകളിലും മാലിന്യങ്ങൾ നിറഞ്ഞ് പുറത്ത് മഴ നനഞ്ഞും നിക്ഷേപിക്കേണ്ട അവസ്ഥയാണ്. വാർഡുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ എംസിഎഫുകളിലേക്ക് കൊണ്ടുവരുന്ന വാഹന വാടക വാർഡ് ഹരിത കർമ്മ സേനാംഗങ്ങൾ തന്നെ വഹിക്കണം എന്നുള്ളതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.
വട്ടക്കയത്തെ മാലിന്യനിക്ഷേപ കേന്ദ്രം കൂടുതൽ മാലിന്യങ്ങൾ സംഭരിക്കാൻ രീതിയിൽ വിപുലപ്പെടുത്തണം എന്നുള്ളത് വളരെ കാലത്തെ ആവശ്യമാണെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പഞ്ചായത്തിലെ അസിസ്റ്റൻറ് സെക്രട്ടറി, കുടുംബശ്രീ സിഡിഎസ്, ഹരിത കർമ്മ സേന കൺസോർഷ്യം എന്നിവർക്കാണ് മാലിന്യ സംസ്കരണം കാര്യക്ഷമമായി നടപ്പിലാക്കാനുള്ള ചുമതല.
പഞ്ചായത്തിലെ വാർഡുകളിൽ നിന്ന് കൃത്യമായി മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും, ഇവ തരം തിരിച്ച് സമയാസമയങ്ങളിൽ ക്ലീൻ കേരള കമ്പനി കൊണ്ടുപോകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇവരുടെ ചുമതയാണ്. കൂടാതെ പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് തടയുന്നതിനും മറ്റുമായി പഞ്ചായത്തിൽ രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരേയും നിയമിച്ചിട്ടുണ്ട്. ഇത്രയൊക്കെ ഉണ്ടായിട്ടും പഞ്ചായത്തിൽ മാലിന്യങ്ങൾ നിറഞ്ഞുകിടക്കുന്നത് മാലിന്യ സംസ്കരണത്തിൽ അധികൃതർ ശ്രദ്ധ കൊടുക്കുന്നില്ല എന്നതിൻ്റെ തെളിവാണ്. ഇടക്കിടെ ചെയ്യുന്ന മഴയിൽ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെള്ളം നിറഞ്ഞ് കൊതുക് ജന്യ രോഗങ്ങളോ, മറ്റു പകർച്ചവ്യാധികളോ പിടിപെടും എന്ന ആശങ്കയിലാണ് ജനങ്ങൾ.
സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പനത്തടി പഞ്ചായത്തിലെ ടൗണുകളിൽ കെട്ടി കിടന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നിർജീവം.












Leave a Reply