കണ്ണൂർ: ആൺസുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക ആഘാതമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബത്തിന്റെ പരാതി. പാനൂർ വളളങ്ങാട് സ്വദേശിനി ആദിത്യ അനിൽകുമാർ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യയെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജൂൺ 8-ന് തലശ്ശേരിയിൽ വച്ച് മനേക്കര സ്വദേശിയായ ആൺസുഹൃത്ത് മർദിച്ചതായി ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും പറഞ്ഞിരുന്നുവെന്നാണ് വിവരം. ഈ സംഭവത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും ചികിത്സയ്ക്കിടെ ആദിത്യ അമ്മയോട് വെളിപ്പെടുത്തിയതായി കുടുംബം അറിയിച്ചു.
യുവതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം നിലവിൽ കണ്ണൂർ മിംസ് ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിൽ നടക്കും. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.












Leave a Reply