ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായും അന്വേഷണം നടത്തുമെന്നും കർണാടക ആർടിസി

കാസർകോട് ∙ തലപ്പാടിയിൽ ആറു പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് അമിതവേഗതയിലെത്തിയ കർണാടക ആർടിസി ബസ് ആറുവരി ദേശീയ പാതയിൽ നിന്ന് നാല് വരിപ്പാതയിലേക്ക് കയറിയപ്പോൾ. ആറുവരിപ്പാതയിൽ നിന്ന് വീതി കുറഞ്ഞ നാലുവരിപ്പാതയിലേക്ക് കയറുന്നതിനായി ബ്രേക്ക് ചെയ്തപ്പോൾ വണ്ടി പാളുകയും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായി തകരുകയും യാത്രക്കാരായ എല്ലാവരും മരിക്കുകയും ചെയ്തു. തുടർന്ന് ബസ് പിന്നിലേക്ക് നീങ്ങിവന്ന് ഒരു വശത്തേക്ക് തിരിഞ്ഞ് മറ്റൊരു ഓട്ടോയിൽ ഇടിക്കുകയുമായിരുന്നു.

ദക്ഷിണ കന്നഡയിലെ കൊട്ടേക്കർ പഞ്ചായത്തിലെ അജിനട്ക സ്വദേശികളായ ഹൈദരാലി (47), ഖദീജ (60), സ്ബാഹുൽ ഹമീദിന്റെ മകൾ ഹസ്‌ന (10), നഫീസ (52), ആയിഷ ഫിദ (19) എന്നിവരും മംഗളൂരു ബിസി റോഡിലെ ഫറങ്കിപേട്ട സ്വദേശി അബ്ദുൾ ഖാദറിന്റെ ഭാര്യ ഹവ്വമ്മയുമാണ് മരിച്ചത്. മൃതദേഹം മംഗളൂരു യെനെപോയ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. കാസർകോട് പെരുമ്പള സ്വദേശി ലക്ഷ്മി (61), മകൻ സുരേന്ദ്ര (39) എന്നിവർക്കാണ് പരുക്കേറ്റത്. കാസർകോട്ടേക്കുള്ള ബസ് കാത്തുനിൽക്കുകയായിരുന്നു ഇവർ.

ഉച്ചതിരിഞ്ഞ് 1.12നാണ് അപകടമുണ്ടായത്. കേരളത്തിലെ ആറുവരി ദേശീയ പാത കഴിഞ്ഞ് കർണാടകയുടെ നാല് വരിപ്പാത തുടങ്ങുന്നിടത്താണ് അപകടം. ഇരു റോഡുകളും ചേരുന്നിടത്ത് വീതി കുറവാണ്. അമിത വേഗതയിൽ എത്തിയ ബസ് വീതി കുറഞ്ഞ ഭാഗത്തേക്ക് കയറിയപ്പോൾ നിയന്ത്രണം നഷ്ടമായി. എതിർ ദിശയിൽ വന്ന ഓട്ടോ ഇടിച്ചു തകർത്ത ബസ്, ഇടിയുടെ ആഘാതത്തിൽ പിന്നിലേക്ക് നീങ്ങി തിരിഞ്ഞ് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചു. രണ്ടാമത്തെ ഓട്ടോറിക്ഷയുടെ ഡ്രൈവർ മഞ്ചേശ്വരം തുമിനാട് സ്വദേശിയായ യു. സമീർ വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണെങ്കിലും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ ഈ ഓട്ടോയും തകർന്നു. ഇവിടെ ബസ് കാത്തുനിന്ന ലക്ഷ്മിയും മകൻ സുരേന്ദ്രയും ബസിനും ഓട്ടോയ്ക്കും ഇടയിൽ പെട്ടാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്നവരും റോഡരികിലുണ്ടായിരുന്നവരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതായി കർണാടക ആർടിസി മംഗളൂരു ഡിവിഷനിെല ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *