കാലിച്ചാനടുക്കത്തിന്റെ വഴികളിൽ ജനകീയ ബസ്സിന്റെ യാത്ര തുടരും

കാലിച്ചാനടുക്കം: കാലത്തിനൊപ്പം നാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമായ ജനകീയ ബസ് കാലിച്ചാനടുക്കം വിട്ട് മറ്റെങ്ങും പോകില്ലെന്ന ആശ്വാസവാർത്തയാണ് പുറത്തുവരുന്നത്. കാലങ്ങളായി പ്രദേശവാസികളുടെ പ്രിയ വാഹനമായി മാറിയിരുന്ന ബസിനെ പിരിയേണ്ടി വരുമോയെന്ന ആശങ്കയ്ക്കിടെയാണ് ലേല നടപടികൾക്ക് ശേഷം ബസ് നാട്ടിൽ തന്നെ തുടരുമെന്ന സന്തോഷ വാർത്ത വരുന്നത്.

സാമ്പത്തിക പ്രതിസന്ധിയും ബസ് സർവീസുമായി ബന്ധപ്പെട്ട മറ്റ് വെല്ലുവിളികളും കാരണം ബസ് ലേലത്തിലേക്ക് കടന്നതോടെ നാട്ടുകാരിലും സ്ഥിരം യാത്രക്കാരിലും ആശങ്ക ഉയർന്നിരുന്നു. വിദ്യാർത്ഥികൾ, ജോലിക്കാർ, വ്യാപാരികൾ, മുതിർന്ന പൗരൻമാർ തുടങ്ങി നൂറുകണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിച്ചിരുന്ന ഈ ബസ് നഷ്ടപ്പെടുന്നത് പ്രദേശത്തിന്റെ യാത്രാസൗകര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു.

എന്നാൽ ലേല നടപടികൾ പൂർത്തിയായതോടെ ബസ് കാലിച്ചാനടുക്കം സ്വദേശിയുടെ ഉടമസ്ഥതയിലേക്കു തന്നെ എത്തിയിരിക്കുകയാണ്. ജെ സി ബി ഓപ്പറേറ്ററായ കാലിച്ചാനടുക്കം സ്വദേശി ശ്രീജിത്താണ് 29, 90,000 രൂപയ്ക്ക് ജനകീയ ബസും,പെർമിറ്റും ലേലം വിളിച്ചെടുത്തത്. നിലവിലുള്ള റൂട്ടിലും സമയത്തിലും ബസ് തുടർന്നും ഓടുമെന്ന ശ്രീജിത്തിന്റെ തീരുമാനം ജനകീയ ബസ് യാത്രക്കാരെ ആഹ്ലാദത്തിലാക്കിയിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരം കാലിച്ചാനടുക്കം ബസ്റ്റാന്റ് ഹാളിൽ നടന്ന ലേലത്തിൽ നാൽപതോളം പേരാണ് പങ്കെടുത്തത്. ഇവരിൽ നിന്നുമാണ് ഏറ്റവും കൂടിയ തുകയ്ക്ക് ശ്രീജിത്ത് ബസ് സ്വന്തമാക്കിയത്. 2003ലാണ് ജനകീയ വികസന സമിതിയുടെ കീഴിൽ ബസ് സർവീസ് ആരംഭിച്ചത്. നിലവിൽ ഓടുന്ന ബസ് 2011ലാണ് വാങ്ങിയത്. പുതിയ ബസ് വാങ്ങിയതുമായി ബന്ധപ്പെട്ട വായ്പ മൂന്നര വർഷം കൊണ്ടുതന്നെ അടച്ചു തീർക്കാൻ സമിതിക്ക് കഴിഞ്ഞിരുന്നു.

23 വർഷങ്ങൾക്ക് മുമ്പാണ് ജനകീയ ബസിന്റെ ജനനം. പ്രദേശത്ത് ബസ് സൗകര്യങ്ങൾ അപര്യാപ്തമായിരുന്ന സമയത്ത് യാത്രയ്ക്ക് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന, നാട്ടുകാർ തന്നെ ഒന്നിച്ചു നിന്നാണ് ജനകീയ വികസന സമിതി രൂപീകരിച്ചത്. തുടർന്ന് സ്വന്തം ബസ് വാങ്ങി സർവീസ് ആരംഭിച്ചു. അന്ന് വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ബസ് ആയിരുന്നു ഇത്.

കാലം മാറി സ്വകാര്യ വാഹനങ്ങൾ വർദ്ധിച്ചു. കൂടുതൽ ബസ് സർവീസുകൾ നിലവിൽ വന്നു. പഴയ യാത്ര ദുരിതങ്ങൾക്ക് പരിഹാരം ആയെങ്കിലും ജനകീയ ബസ്സിന്റെ യാത്രാ അവസാനിച്ചില്ല. ഇന്നും ലാഭകരമായി തന്നെ സർവ്വീസ് തുടരുന്ന ബസ്സാണിതെന്ന് സമിതി ഭാരവാഹികൾ പറയുന്നു.

ബസ് ലേലത്തിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ച് ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിനൊപ്പം കർഷകരുടെ ഉൽപ്പന്നങ്ങൾ വാങ്ങുകയും, വിൽക്കുകയും ചെയ്യുന്ന ഓപ്പൺ മാർക്കറ്റ്, ജനകീയ ആംബുലൻസ് സർവീസ്, മൊബൈൽ ഫ്രീസർ സംവിധാനം തുടങ്ങിയ പദ്ധതികൾ ആരംഭിക്കാനാണ് ആലോചന. യാത്രകൾ അവസാനിക്കുന്നില്ല. അതുമായി ചേർന്ന ഓർമ്മകളും. കാലിച്ചാനടുക്കത്തിന്റെ വഴികളിൽ ജനകീയ ബസിന്റെ യാത്ര ഇനിയും തുടരും.

Leave a Reply

Your email address will not be published. Required fields are marked *