ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കും. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്കുമേല്‍ കര്‍ശന നിരോധനമേര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ വിജയിക്കുന്ന തുകയ്ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. ഓഫ്ഷോര്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളും നികുതിയുടെ പരിധിയില്‍ വരും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.

ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ബെറ്റിംഗ് ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്നതിനാല്‍ നടപടിയെടുക്കാനുളള അധികാരം അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.












Leave a Reply