സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി; സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ

കാഞ്ഞങ്ങാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ ജില്ലയിലെ സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ തിരിച്ചടിയെന്ന് ബസ് ഉടമകൾ. പ്രധാന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സ്വകാര്യ ബസുകൾക്ക് മുന്നിലും പിന്നിലും സർവീസ് നടത്തുന്നതിനാൽ സ്ത്രീ യാത്രക്കാർ കൂട്ടത്തോടെ കെഎസ്ആർടിസിയിലേക്ക് മാറിയതായും ഇതുമൂലം സ്വകാര്യ ബസുകളുടെ വരുമാനത്തിൽ ഗണ്യമായ കുറവ് സംഭവിച്ചതായും അവർ പറയുന്നു.

കാസർകോട്-ബന്തടുക്ക, കാസർകോട്-മംഗളൂരു, കാസർകോട്-കണ്ണൂർ, കല്ലനാട്–കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്-പയ്യന്നൂർ തുടങ്ങിയ പ്രധാന റൂട്ടുകളിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുന്നത്. കെഎസ്ആർടിസി സർവീസുകൾ കുറവുള്ള ചില പ്രദേശങ്ങളിൽ സ്വകാര്യ ബസുകൾക്ക് കാര്യമായ ബാധയില്ലെങ്കിലും അത്തരം മേഖലകൾ വളരെ കുറവാണെന്ന് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

ജില്ലയിലെ കോളേജുകളിലും ഹയർസെക്കൻഡറി സ്കൂളുകളിലും പഠിക്കുന്ന വിദ്യാർഥിനികൾ മുമ്പ് കൂടുതലായും സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സൗജന്യ യാത്രാ പദ്ധതി നിലവിൽ വന്നതോടെ അവർ വലിയ തോതിൽ കെഎസ്ആർടിസിയിലേക്ക് മാറി. ഇതോടെ വിദ്യാർഥി കൺസെഷൻ ടിക്കറ്റുകളിലൂടെ ലഭിച്ചിരുന്ന വരുമാനവും സ്വകാര്യ ബസുകൾക്ക് നഷ്ടമായി.

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം ഒരു സ്വകാര്യ ബസിന് പ്രതിദിനം 1,000 മുതൽ 3,000 രൂപ വരെ വരുമാനക്കുറവുണ്ടായതായി ബസ് ഉടമകൾ പറയുന്നു. അതേസമയം ഇന്ധനവില, ജീവനക്കാരുടെ വേതനം, വാഹന പരിപാലനച്ചെലവ് തുടങ്ങിയ ദൈനംദിന ചെലവുകളിൽ യാതൊരു കുറവും വന്നിട്ടില്ല.

കുടുംബമായി യാത്ര ചെയ്യുന്നവരിൽ സ്ത്രീകൾ കെഎസ്ആർടിസിയെ തിരഞ്ഞെടുക്കുന്നതിനാൽ അവരുടെ കൂടെയുള്ള പുരുഷ യാത്രക്കാരും അതേ ബസിൽ യാത്ര ചെയ്യാൻ തുടങ്ങിയത് സ്വകാര്യ ബസുകളുടെ വരുമാനത്തെ കൂടുതൽ ബാധിച്ചതായി ഉടമകൾ പറയുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ സർവീസുകൾ നിർത്തേണ്ടി വരുമെന്ന ആശങ്കയും മേഖലയിലുള്ളവർ പങ്കുവെക്കുന്നു.

സ്വകാര്യ ബസ് സർവീസുകൾ വ്യാപകമായി നിലച്ചാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് തൊഴിലാളികളുടെയും ബസ് ഉടമകളുടെയും കുടുംബങ്ങളുടെ ഉപജീവനത്തെ അത് ബാധിക്കുമെന്നാണ് ബസ് മേഖലയിലെ സംഘടനകളുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *