
കാസർഗോഡ് – കണ്ണൂർ – കാസർഗോഡ് ക്രൈംബ്രാഞ്ച് എസ് പി ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായി. പോലീസ് സേനയിലെ മികച്ച സേവനങ്ങൾക്ക് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് നൽകുന്ന രാഷ്ട്രപതിയുടെ മെഡലിനാണ് ഇദ്ദേഹം അർഹനായിട്ടുള്ളത്. ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ബാലകൃഷ്ണൻ നായർ സേനയിലെ മികച്ച ഓഫീസർ ആയിട്ടാണ് അറിയപ്പെടുന്നത്.2003 ൽ സബ് ഇൻസ്പെക്ടറായി പോലീസിൽ നിയമനം ലഭിച്ച ബാലകൃഷ്ണൻ നായർ എറണാകുളം, കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിൽ സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചു. 2008 ൽ സർക്കിൾ ഇൻസ്പെക്ടറായി വെള്ളരിക്കുണ്ട്, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം, കാസർഗോഡ് എന്നീ സർക്കിളുകളിലും ജോലി ചെയ്തു.തുടർന്ന് 2017 ൽ ഡിവൈഎസ്പി യായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലും കാസർഗോഡ്, കാഞ്ഞങ്ങാട്, തളിപ്പറമ്പ്, കണ്ണൂർ ടൗൺ എന്നീ സബ് ഡിവിഷനുകളിലും ജോലി ചെയ്തു. 2024 ജൂലൈ മുതൽ കാസർഗോഡ് അഡിഷണൽ എസ്പിയായി ജോലി ചെയ്തുവരവേ 2025 ജൂൺ മാസം എസ് പിയായി പ്രമോഷൻലഭിച്ചു. ഇപ്പോൾ കണ്ണൂർ – കാസർഗോഡ് ക്രൈംബ്രാഞ്ച് എസ്പിയായി സേവനമനുഷ്ഠിച്ചു വരികെയാണ് ബാലകൃഷ്ണൻ നായർ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിന് അർഹനായിരിക്കുന്നത്. സർവീസിൽ ഇരിക്കെ മികച്ച സേവനത്തുള്ള മൂന്ന് ബാഡ്ജ് ഓഫ് ഹോണറും നൂറിലധികം ഗുഡ് സർവീസ് എൻട്രികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് 22 പ്രശംസ പത്രങ്ങളും 2018 ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
വിജിലൻസിലെ മികച്ച സേവനത്തിന് 2016 ലെ ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചു. ഇന്റലിജൻസ് രംഗത്തെ മികച്ച പ്രവർത്തനത്തിന് 2017 ലും 18 ലും തുടർച്ചയായി ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചിട്ടുണ്ട്. സർവീസ് കാലയളവിൽ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയിട്ടുണ്ട്. വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, രാജപുരം, വെള്ളരിക്കുണ്ട് എന്നീ സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കൊലപാതക കേസുകളിലും സ്ത്രീകൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 11 വർഗീയ കൊലപാതക കേസുകളിൽ ആദ്യമായി പ്രതികളെ ശിക്ഷിച്ചത് ബാലകൃഷ്ണൻ നായർ അന്വേഷിച്ച കേസിലാണ്. നിരവധി മോഷണ സംഘങ്ങളെ പിടികൂടിയ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2019 മാരുതി ഫിനാൻസ് എന്ന സ്ഥാപനം കുത്തി തുറന്ന് 111 പവൻ സ്വർണം കവർന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളികൾ ആയിരുന്ന കാലിയ റഫീഖ്, ടിഎച്ച് റിയാസ് ഗുജ്രി അമ്മി.അട്ടഗോളി ആസിഫ് എന്നിവർ അടങ്ങിയ സംഘത്തെ പിടികൂടിയത് ഇദ്ദേഹത്തിന് നേതൃത്വത്തിലുള്ള പോലീസ് അംഗമാണ്. കണ്ണൂർ എസിപി ആയി ജോലി ചെയ്യവേ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒരേ ദിവസം മൂന്ന് എടിഎം മെഷീനുകൾ കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപ കവർച്ച ചെയ്ത് ഹരിയാനയിലേക്ക് രക്ഷപ്പെടുകയായിരുന്ന കുപ്രസിദ്ധരായ കവർച്ചാ സംഘത്തെ പിടികൂടിയ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തലവനായിരുന്നു ഇദ്ദേഹം. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 75 ലധികം മോഷണ കേസിൽ പ്രതിയായ 20 വർഷത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു മടിക്കേരി ഇബ്രാഹിമിനെ പിടികൂടിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. വിജിലൻസിൽ ജോലിചെയ്തുവരെ ഉദ്യോഗസ്ഥതലത്തിലുള്ള നിരവധി അഴിമതികൾ കണ്ടെത്തുന്നതിന് നേതൃത്വം നൽകി. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാൻ ഇവർക്കെതിരെ വിജിലൻസ് കേസ് രജ്സ്റ്റർ ചെയ്തു ശക്തമായ നടപടി സ്വീകരിച്ചു. വിജിലൻസിൽ ആയിരിക്കെ അന്യേഷിച്ച ട്രാപ്പ് കേസിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്തു. കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഡിവൈഎസ്പി ആയിരിക്കെ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളെ പിടികൂടാൻ സാധിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷനിൽ ഏറ്റവും കൂടുതൽ ഹവാല പണം പിടികൂടിയത് ബാലകൃഷ്ണൻ നായർ ഡിവൈഎസ്പിയായ കാലഘട്ടത്തിലാണ്. പോലീസും ജനങ്ങളും ഒത്തുചേർന്നുള്ള നിരവധി ജനമൈത്രീ പ്രവർത്തനങ്ങൾക്ക് ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരിക്കെ ഒരു ഗ്രാമത്തെ മുഴുവൻ ലഹരി വ്യക്തമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി ലഹരി വിമുക്ത കൊളവയൽ പദ്ധതി ആരംഭിച്ച് നടപ്പിലാക്കി. ഈ പദ്ധതി നടപ്പിലാക്കിയതിന് എക്സൈസ് വകുപ്പ് മന്ത്രിയുടെ പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചിട്ടുണ്ട്. കാസർഗോഡ് അഡിഷണൽ എസ്പി യായിരിക്കെ സ്റ്റുഡൻസ് പോലീസ് കേഡറ്റ്, ഹോപ്പ് എന്നീ പദ്ധതികളിൽ കാസർകോട് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിനും മുഖ്യപങ്ക് വഹിച്ചു. കാസർകോട് ജില്ലയിൽ പുതിയ പോലീസിംഗ് പദ്ധതിയായ വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുള്ള വന്ദ്യ ജന സഭ, യുപി സ്കൂൾ കുട്ടികൾ വഴിതെറ്റുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള തണൽ പദ്ധതി എന്നിവ ആരംഭിച്ചത് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ്.
പരേതനായ മുങ്ങത്ത് നാരായണൻ നായരുടെയും പേറയിൽ ലീലയുടെയും മകനാണ് പുതുമ പാലക്കുന്ന് സ്വദേശിയായ ബാലകൃഷ്ണൻ നായർ. ഭാര്യ നിഷ. മക്കൾ: ശിവദാ, കാർത്തിക്.
കണ്ണൂർ – കാസർഗോഡ് ക്രൈംബ്രാഞ്ച് എസ് പി ബാലകൃഷ്ണൻ നായർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ.












Leave a Reply