ഇടുക്കി: ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ ഭവന പദ്ധയിൽ ലക്ഷങ്ങളുടെ ക്രമക്കേട്. വീട് തട്ടിയെടുത്ത അനർഹരിൽ നിന്നും പണം തിരികെ ഈടാക്കാൻ റവന്യൂ റിക്കവറി നടത്തും. തദ്ദേശ സ്വയം ഭരണ വകുപ്പ് വിജിലൻസ് വിഭാഗം അന്വേഷണം ഊർജിതമാക്കിയതോടെയാണ് പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറും ഉൾപ്പെടെ 27 പേർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി സ്വീകരിക്കുക

എക്കർ കണക്കിന് പട്ടയ ഭൂമിയുള്ളവർ, രണ്ടും മൂന്നും വാഹനങ്ങളും, വാസയോഗ്യമായ വീടുമുള്ളവർ, ലൈഫ് പദ്ധതിയിൽ പണിത വീട് ഒരു വർഷം തികയും മുമ്പ് മൂന്നിരട്ടി വിലയ്ക്ക് വിറ്റവർ തുടങ്ങി വ്യാപകമായ ക്രമക്കേടാണ് ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ നടന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയുടെ കാലത്താണ് സർക്കാർ പണം ഇങ്ങനെ തട്ടിയെടുത്തത്. വാസയോഗ്യമായ വീട് വയ്ക്കാൻ സ്വന്തമായി പണമില്ലാത്ത നൂറുകണക്കിന് പാവങ്ങൾ പുറത്ത് നിൽക്കുമ്പോഴാണ് അനർഹരായവർ പട്ടികയിൽ കടന്ന് കൂടിയത്. ഇപ്പോഴത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം അംഗവുമായ വി പി ജോണും, കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡൻ്റ് വി എസ് ഷാലും അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഒന്നരയേക്കർ സ്ഥലമുള്ള വി പി ജോൺ ഡിവിഷൻ മെമ്പറായിരിക്കെ മൂന്ന് സെൻ്റ് സ്ഥലം മാത്രമാണുള്ളതെന്ന് കാണിച്ചാണ് വീട് തട്ടിയെടുത്തത്. വി എസ് ഷാലാണ് അനർഹമായി ലഭിച്ച വീട് നിയമം ലംഘിച്ച് വിൽപ്പന നടത്തിയത്.













Leave a Reply