തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമായി നടപ്പാക്കിവരുന്ന സമഗ്ര പാക്കേജായ സ്നേഹ സാന്ത്വനം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് സർക്കാർ 14.40 കോടി രൂപയുടെ ഭരണാനുമതി നൽകി. 2026–27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലെ ധനാഭ്യർത്ഥനയിൽ ഉൾപ്പെടുത്തി സാമൂഹ്യനീതി വകുപ്പ് വഴിയാണ് തുക അനുവദിച്ചത്.
അനുവദിച്ച തുകയുടെ പ്രധാന പങ്കും ദുരിതബാധിതർക്കുള്ള നേരിട്ടുള്ള സാമ്പത്തിക ആശ്വാസത്തിനായാണ് വിനിയോഗിക്കുക. പട്ടികയിലുള്ള 528 എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് മാസാന്ത ആശ്വാസ ധനസഹായമായി 9,84,31,200 രൂപയും പുതുതായി പട്ടികയിൽ ഉൾപ്പെടുന്ന 1,000 ഗുണഭോക്താക്കൾക്കായി 2,64,00,000 രൂപയും മാറ്റിവെച്ചിട്ടുണ്ട്.
771 കെയർ ഗിവേഴ്സിന് നൽകുന്ന മാസാന്ത ധനസഹായമായ ആശ്വാസകിരണം പദ്ധതിക്കായി 64,76,400 രൂപയും വകയിരുത്തി. 400 കുട്ടികൾക്കുള്ള 2026–27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി 10,05,000 രൂപ അനുവദിച്ചിട്ടുണ്ട്.
പ്രദേശത്തെ 10 മാതൃകാ ചൈൽഡ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളും സേവനങ്ങളും നവീകരിച്ച് മെച്ചപ്പെടുത്തുന്നതിനായി 1,16,87,400 രൂപയും വിനിയോഗിക്കും.












Leave a Reply