പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം  ഡോക്ടർ ഇല്ലാതെ അടച്ചുപൂട്ടുന്നു എന്ന വാർത്തയിൽ അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ.

പാണത്തൂർ: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം  ഡോക്ടർ ഇല്ലാതെ അടച്ചുപൂട്ടുന്നു എന്ന വാർത്തയിൽ
അടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. തിങ്കളാഴ്ച മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും.
ആരോഗ്യ കേന്ദ്രം പതിവുപോലെ വരും ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ഡോ. കെ. രേഖയോട് കളക്ടർ ആവശ്യപ്പെട്ടു. കൂടാതെ, അടിയന്തരമായി പകരം ഡോക്ടറെ നിയമിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തുടർന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.പി പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഓഗസ്റ്റ് 10 തിങ്കളാഴ്ച മുതൽ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
പാണത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം ശനിയാഴ്ച വരെ തുറന്നു പ്രവർത്തിച്ചിരുന്നു. നിലവിലുള്ള താൽക്കാലിക ഡോക്ടർ  രാജി വെച്ചതിനെ തുടർന്ന് പകരം ഡോക്ടർമാർ നിയമിക്കുന്നതിനുള്ള നടപടികൾ നടത്തി വരികയായിരുന്നുവെന്നും  ഡിഎംഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *