കാസർകോട് ഹോട്ടൽ മുറിയിൽ യുവതി പീഡനത്തിനിരയായെന്ന് പരാതി; യുവാവ് പോലീസ് കസ്റ്റഡിയിൽ

കാസർകോട്: ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി 20 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ കാമുകനായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കാസർക്കോട് ടൗൺ പോലീസാണ് നടപടി സ്വീകരിച്ചത്.

വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവാണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച പകൽ കാസർകോട് പഴയ ബസ്റ്റാന്റിന് സമീപത്തെ ഒരു ലോഡ്ജിൽ വച്ചാണ് സംഭവമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.

അടുത്തിടെ വിവാഹിതയായ യുവതിയെ “ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്” എന്ന് പറഞ്ഞാണ് മുൻ കാമുകൻ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുറിയിലെത്തിയതിന് പിന്നാലെ യുവാവ് ബലമായി കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി നൽകിയ മൊഴി.

സംഭവ ദിവസം ഏറെ നേരം കഴിഞ്ഞിട്ടും യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ നിന്ന് യുവതിയെ കണ്ടെത്തിയത്. വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് യുവതി പീഡന വിവരം വെളിപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് ടൗൺ പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *