പൂടങ്കല്ല്: കാർഷിക വിളകളുടെ രോഗബാധയും വളങ്ങളുടെ ക്രമാതീതമായ വിലക്കയറ്റവും പണിച്ചെലവും കാരണം ദുരിതത്തിലായ കർഷകരെ തേങ്ങയുടെ വിലത്തകർച്ച കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് അഖിലേന്ത്യാ കിസാൻ സഭ കള്ളാർ പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ അഭിപ്രായപ്പെട്ടു. നാളികേരത്തിന്റെ വിലയിടിവ് തടയാൻ സർക്കാർ ഉടൻ ഇടപെടണം. കിലോഗ്രാമിന് കുറഞ്ഞത് 65 രൂപയെങ്കിലും താങ്ങുവില നിശ്ചയിച്ച് സംഭരണം ഊർജ്ജിതമാക്കണമെന്നും രോഗബാധ മൂലം ദുരിതത്തിലായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാർഷിക മേഖലയിൽ വിതരണം ചെയ്യുന്ന വളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്നും കിസാൻ സഭ ആവശ്യപ്പെട്ടു.
പൈനിക്കര ജോയ്സ് ഹോംസ്റ്റേയിൽ വെച്ച് നടന്ന ഓൾ ഇന്ത്യ കിസാൻ സഭ (AIKS) കള്ളാർ പഞ്ചായത്ത് തല കൺവെൻഷൻ കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ബി. രത്നാകരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. രാജു ഒ. ജെ. അധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം എ. രാഘവൻ അഭിവാദ്യ പ്രസംഗം നടത്തി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു.
കൺവെൻഷനിൽ കിസാൻ സഭ കള്ളാർ പഞ്ചായത്ത് പുതിയ ഭാരവാഹികളായി ഒ. ജെ. രാജു (പ്രസിഡന്റ്), പി. ജെ. സാമുവൽ (സെക്രട്ടറി), എം. രഞ്ജിത്ത് നമ്പ്യാർ (വൈസ് പ്രസിഡന്റ്), മാത്യു കുരുവിള (ജോയിന്റ് സെക്രട്ടറി), ശംസുദ്ധീൻ എ. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ. കുഞ്ഞികൃഷ്ണൻ നായർ, ഹമീദ് എ., സാമുവൽ ജോസഫ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.












Leave a Reply