വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി.

കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴി ജിഎച്ച്എസ്എസിലെ അധ്യാപകൻ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപടം അടിച്ചു പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതിനിടെ, വിദ്യാര്‍ത്ഥിയെ അധ്യാപകൻ അടിച്ചെന്ന് സമ്മതിച്ചതായി പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി. അടിച്ചത് ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്‍മാസ്റ്റര്‍ വിശദീകരിച്ചെന്നും പിടിഎ പ്രസിഡന്‍റ് എം മാധവൻ പറഞ്ഞു. കുട്ടിക്ക് ചികിത്സാസഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടില്ലെന്നും എം മാധവൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബിജെപിയും യൂത്ത് കോണ്‍ഗ്രസും അടക്കമുള്ളവര്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

സംഭവത്തിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും ജുവനൈൽ പോലീസ് നോഡൽ ഓഫീസറോടും അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. നാളെ കുട്ടിയുടെ വീട്ടിൽ കമ്മീഷൻ സന്ദർശനം നടത്തും. മാധ്യമ വാർത്തകളെ തുടർന്നാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. ഇതിനിടെ വിദ്യാഭ്യാസ വകുപ്പ് ഡിഡിഇ ടിവി മധുസൂദനൻ സ്കൂളിൽ പരിശോധനയ്ക്കെത്തി. ഇന്ന് അവധിയിലായ അധ്യാപകൻ എം അശോകന്‍റെ മൊഴി പിന്നീട് രേഖപ്പെടുത്തും

വിദ്യാർത്ഥിയുടെ കർണപടം അടിച്ച് പൊട്ടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം. കുട്ടിയെ അസംബ്ലിയിൽ വെച്ച് അടിക്കുന്നത് കണ്ട അനിയത്തിക്ക് മാനസിക വിഷമം മൂലം ഛർദിയും തലകറക്കവുമുണ്ടായെന്ന് അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അസംബ്ലിയിൽ നിൽക്കുമ്പോൾ ചരൽക്കല്ല് കാല് കൊണ്ട് നീക്കിയതിന് കുട്ടിയെ ഹെഡ്മാസ്റ്റർ ചെവിക്ക് അടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *