ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കും -മന്ത്രി എം. ബി രാജേഷ്

കാസർഗോഡ്: ഗോത്രകലാരൂപങ്ങളെ പുതുതലമുറയ്ക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലെമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്. തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷവുമായി ബന്ധപ്പെട്ട് എട്ട്, ഒമ്പത് തീയതികളിലായി കാസർഗോഡ് കുറ്റിക്കോൽ പഞ്ചായത്ത് സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ജനഗൽസ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികവർഗ അനിമേറ്റർമാർ, ഹ്രിഡ്ജ് കോഴ്സ് മെന്റർമാരുടെ മേഖലാതല സംഗമത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശീയ ജനവിഭാഗത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 2009 മുതൽ കുടുംബശ്രീ നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശീയ ജനതയുടെ ജീവിതാഭിവൃദ്ധിക്കായി എല്ലാ അർത്ഥത്തിലും ചേർത്തു നിർത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സാമൂഹിക ഉൾച്ചേർക്കലിനും ഉപജീവന മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി കുടുംബശ്രീ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. 2013 മുതൽ അട്ടപ്പാടിയിലും 2016 മുതൽ എല്ലാ ജില്ലകളിലും ആരംഭിച്ച പട്ടികവർഗ പ്രതേ്യക പദ്ധതി വഴി സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഉപജീവന മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അട്ടപ്പാടിയിൽ “ഹിൽവാല്യു’ വയനാട്ടിൽ നിന്നും “വൻ ധൻ’, നിലമ്പൂരിൽ നിന്നും “ഗംന്തേ’ എന്ന പേരിലും പുറത്തിറക്കിയ ബ്രാൻഡഡ് ഉൽപന്നങ്ങൾ വിപണിയിലെ മറ്റേത് ഉൽപന്നങ്ങളോടും കിട പിടിക്കുന്നതാണ്. കണ്ണൂർ ജില്ലയിലെ ആറളം ഫാമിൽ നിന്നും “ആദി’ കുടക്, “കോക്കോ’ വെളിച്ചെണ്ണ, എറണാകുളം ജില്ലയിൽ നിന്നും “കുട്ടമ്പുഴ കോഫി’, കാസർഗോഡ് ജില്ലയിലെ “കമ്മാടി ഹണി’ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് തദ്ദേശീയ സംരംഭകരുടേതായി വിപണിയിലെത്തിയതും ഇക്കാലയളവിലാണ്. നിലവിൽ സംസ്ഥാനമൊട്ടാകെയുള്ള തദ്ദേശീയ ജനസമൂഹത്തിലെ 98 ശതമാനം കുടുംബങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുണ്ട്. 7135 പ്രത്യേക അയൽക്കൂട്ടങ്ങൾ വഴിയും പൊതു അയൽക്കൂട്ടങ്ങൾ വഴിയും 1,24,904 കുടുംബങ്ങളെ കുടുംബശ്രീയിൽ ഉൾപ്പെടുത്താൻ സാധിച്ചത് വലിയ നേട്ടമാണ്.2893 യുവജനങ്ങൾക്ക് പി.എസ്.സി പരിശീലനം നൽകിയതിലൂടെ 193 പേർക്ക് സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ലഭ്യമായി. 394 പേർ വിവിധ റാങ്ക് ലിസ്റ്റുകളിലുണ്ട്. കുടുംബശ്രീ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി വഴി 1480 പേർക്കും ജോലി ലഭിച്ചു. കാർഷിക മൃഗ സംരക്ഷണ മേഖലയിലും മെച്ചപ്പെട്ട ഉപജീവന മാർഗങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തദ്ദേശീയ ജനതയുടെ സാമ്പത്തികവും സാമൂഹികവുമാ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് നടപ്പാക്കി വരുന്ന കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ അഥവാ കെ-ടിക്, കുട്ടികൾക്ക് ഇംഗ്ളീഷ് ഭാഷാ പരിശീലനം ലഭ്യമാക്കുന്ന “കമ്മ്യൂണിക്കോർ’, കുട്ടികളുടെ സർഗാത്മകത വളർത്തുന്നതിനുള്ള കനസ് ജാഗ 2.0, കമ്യൂണിറ്റി കിച്ചൻ, തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പദ്ധതികൾ തുടർന്നും കൂടുതൽ ഊർജിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ
കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരിച്ചു.
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ എം, കാറഡുക്ക ബ്ളോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന കുമാരി, കാറഡുക്ക ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിര സമിതി അധ്യക്ഷ സവിത പി,സി.ഡി.എസ് അധ്യക്ഷമാരായ റീന സി, റോഷിനി, ഗുലാബി, മാലിനി എ, സൂര്യ, റീന, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ,
കാസർകോട് പബ്ലിക് റിലേഷൻ ഓഫിസർ എം.മധുസൂദനൻ, മലപ്പുറം, കണ്ണൂർ ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സുരേഷ് കുമാർ ബി, എം.വി ജയൻ,ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി അഡ്വക്കേറ്റ് സി രാമചന്ദ്രൻ,കാസർഗോഡ് ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സി.എച്ച് ഇഖ്ബാൽ, സൗദ സി.എം, ഹരിദാസ്.ഡി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ. രതീഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് കോർഡിനേറ്റർ കിഷോർ കുമാർ എം. നന്ദി പറഞ്ഞു.

കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ സി.ഡി.എസ് പ്രവർത്തകർ അവതരിപ്പിച്ച കുടുംബശ്രീ മുദ്രാഗീതത്തിന്റെ നൃത്താവിഷ്ക്കാരം
ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ തദ്ദേശീയ മേഖലയിലെ നൂതന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. മേഖലാതല സംഗമത്തിൽ മലപ്പുറം, വയനാട്,കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പട്ടികവർഗ അനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ എന്നിവർ ഉൾപ്പെടെ നാനൂറിലേറെ പേർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *