കാസര്‍കോട്: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്നയാളുൾപ്പടെ പിടിയിലായ കാസര്‍കോട് എഡിഎംഎ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരി ഇടപാടിൽ പ്രതികളുടെ നൈജീരിയൻ ബന്ധമാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതി സൈനുല്‍ ആബിദ് ബെംഗളൂരുവില്‍ എത്തി നൈജീരിയന്‍ സംഘത്തില്‍ നിന്ന് എംഡിഎംഎ വാങ്ങിയെന്നാണ് കണ്ടെത്തി. ഇടനിലക്കാരില്ലാതെയാണ് നൈജീരിയന്‍ സംഘവുമായുള്ള ആബിദിന്റെ ഇടപാട്. ബെംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് എന്നാണ് വിവരം. ബെംഗളൂരുവില്‍ നിന്നുള്ള ലഹരി കടത്തില്‍ മറ്റൊരു യുവതിയുടെ സഹായം ലഭിച്ചെന്നും സൂചനയുണ്ട്. പ്രതികളെ റിമാന്റ് ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
അതേസമയം എംഡിഎംഎ കേസ് പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിദേശ യാത്രകളും അന്വേഷണ പരിധിയില്‍ ഉണ്ട്. പ്രതി അബ്ദുള്‍ സലാം ഒരു വര്‍ഷത്തിനിടെ നടത്തിയത് നിരവധി വിദേശ യാത്രകളാണ് എന്നാണ് വിവരം. തായ്ലന്‍ഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം. വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ഉണ്ട്. അബദുള്‍ സലാം നേരത്തെ അനസ് പെരുമ്പാവൂരിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മറ്റൊരു പ്രതിയായ സൈനുല്‍ ആബിദിന്റെ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. സൈബര്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആബിദ്.












Leave a Reply