മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പൊലീസുദ്യോഗസ്ഥരാണ് മെഡലിന് അര്‍ഹരായത്. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌കാരം. പതിവായി സ്വാതന്ത്ര്യദിന തലേന്നാണ് മെഡല്‍ പ്രഖ്യാപിക്കുന്നതെന്നിരിക്കെ ഇന്നലെ വൈകിയാണ് പട്ടിക പ്രഖ്യാപിച്ചത്.

സംസ്ഥാന പൊലീസ് മേധാവിയുടേയും സംസ്ഥാനതല സ്‌ക്രീനിങ് സമിതിയുടേയും ശുപാര്‍ശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. അസി. പൊലീസ് കമ്മീഷണര്‍, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ പൊലീസ് ഓഫീസര്‍, വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ റാങ്കിലുള്ളവരാണ് പട്ടികയിലുള്ളത്.

പട്ടികയിലെ പരിശോധന പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് മെഡല്‍ പ്രഖ്യാപനം വൈകാന്‍ കാരണമെന്നാണ് വിവരം. ഇതില്‍ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തല്‍. പൊലീസ് ആസ്ഥാനത്ത് നിന്നും മെഡലുകള്‍ക്ക് അര്‍ഹരായവരുടെ പട്ടിക കൈമാറിയിരുന്നു. എന്നാല്‍ സമയബന്ധിതമായി പട്ടികയില്‍ തീരുമാനം പൂര്‍ത്തിയാകാത്തതാണ് തിരിച്ചടിയായത്.കേരളത്തില്‍ നിന്നും ഒമ്പത് പേരാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായത്. എസ് പി ശശിധരനാണ് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. സ്വര്‍ണ്ണകൊള്ള, നരബലി എന്നീ കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് എസ് പി ശശിധരന്‍. ഐജി രാജ്പാല്‍ മീണ, എസ് പി ബിനു രാമകൃഷ്ണപിള്ള, ഡിവൈഎസ്പി വി ആര്‍ രവി കുമാര്‍, എസ് പി ജി ഉജ്ജ്വല്‍ കുമാര്‍, ഡിവൈഎസ്പി എസ് എസ് സുരേഷ് ബാബു എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫയര്‍ സര്‍വ്വീസില്‍ നിന്നും രാജേന്ദ്രന്‍ നായര്‍, സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *