രാജപുരത്ത് നാടൻ കള്ള തോക്കും നിർമാണ സാമഗ്രികളുമായി ഒരാൾ പിടിയിൽ

 

രാജപുരം – രാജപുരത്ത് നാടൻ കള്ള തോക്കും നിർമാണ സാമഗ്രികളുമായി ഒരാൾ പിടിയിൽ. ആലക്കോട് കാർത്തികപുരം മേനിരിക്കൽ വീട്ടിൽ ദാമോധരൻ്റെ മകൻ അജിത് കുമാർ എം കെ (55) ആണ് രാജപുരം പോലീസിൻ്റെ പിടിയിലായത്. പൂർണ്ണമായും പണി പൂർത്തീകരിച്ച രണ്ട് തോക്കുകളും, പണി പൂർത്തീകരിക്കാറായ ഒരു തോക്കും സ്ഥലത്ത് നിന്നും പിടിച്ചെടുത്തു. കൂടാതെ പതിനാറോളം തോക്ക് നിർമ്മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. കള്ളാർ കോട്ടക്കുന്ന് കൈക്കളംകല്ലിലെ ജസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് കള്ളത്തോക്കും നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്തത്. ഇവിടെ വച്ച് കള്ളതോക്ക് നിർമ്മാണം ഉണ്ടെന്ന് കാഞ്ഞങ്ങാട്, ബേക്കൽ ഡിവൈഎസ്പി മാർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് ഇൻസ്‌പെക്ടർ പി രാജേഷിന്റെ നിർദ്ദേശമനുസരിച്ച് എസ്ഐമാരായ കരണാകരൻ, ബിജു പുളിങ്ങോം, എഎസ്ഐ ഓമനക്കുട്ടൻ, സിവിൽ പോലീസ് ഓഫീസർമാരായ ദിലീപ്, സനൂപ്, ഡ്രൈവർ വിനോദ്, ബേക്കൽ ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങളായ സുഭാഷ്, സുഭാഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അബൂബക്കർ, ജിനേഷ്, നികേഷ് എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡ്‌ നടത്തി പ്രതിയെ കസ്റ്റഡിലിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
ഇയാളുടെ സഹായികളായ രണ്ടു പേർ ഒളിവിലാണ്. ഇവർക്കെതിരെ കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരുന്നു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും രണ്ടുപേരും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർക്കായി പോലീസ് ശക്തമായ തിരച്ചിൽ നടത്തുകയാണ്. ഇവർ ഏർപ്പെടുത്തി കൊടുത്ത വാടക വീട്ടിൽ വച്ചാണ് തോക്ക്‌ നിർമാണം നടത്തിയത്. തീർത്ത 2 നാടൻ തോക്കുകളും നിർമിച്ചു കൊണ്ടിരുന്ന ഒരു തോക്കിന്റെ ഭാഗവും കണ്ടെടുത്തു. ആശാരി പണി, കൊല്ലപ്പണി, കത്തി നിർമാണം, രാമച്ച ചെമ്പ് നിർമാണം, തോക്ക്‌ നിർമാണം എന്നിവയിൽ വിദഗ്തനാണ് പ്രതി. പാരമ്പര്യമായി കൊല്ലപ്പണിയിൽ നിപുണനായ പ്രതി തോക്ക്‌ നിർമാണം സ്വയം പരിചയം നേടിയതായാണ് വിവരം. ആവശ്യക്കാർക്ക് അവർ തരപ്പെടുത്തി കൊടുക്കുന്ന താമസ സ്ഥലത്ത് ചെന്ന് തോക്ക് നിർമ്മിച്ചു കൊടുക്കുകയാണ് പതിവ്. മുമ്പും രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ 2010 – 11 കാലയളവിൽ പ്രതിക്കെതിരെ കള്ള തോക്ക് നിർമ്മാണവുമായി രണ്ട് കേസുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം വരും ദിനങ്ങളിൽ നടത്തുമെന്ന് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന രാജപുരം ഇൻസ്‌പെക്ടർ പി രാജേഷ്  പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *