മുഖ്യമന്ത്രിക്കസേരയ്‌ക്കുള്ള തർക്കത്തിൽ ഹൈക്കമാൻഡിലും അന്തിമ തീരുമാനമായില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമായി നേതാക്കൾ മൂന്ന് മണിക്കൂറുകളോളം ചർച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. ശനിയാഴ്ച വൈകുന്നരം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതൃത്വം നേരത്തെ അറിയിച്ചത്. എന്നാൽ പ്രഖ്യാപനം വൈകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മാധ്യമങ്ങളെ അറിയിച്ചു. 23-ാം തീയതി വരെ സമയമുണ്ടല്ലോ എന്നാണ് ദീപാദാസ് മുൻഷി പറഞ്ഞത്.
മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദത്തിൽ മൂന്ന് നേതാക്കളും ഉറച്ചുനിൽക്കുകയാണ്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ തനിക്കാണെന്ന് കെ സി വേണുഗോപാലും ഘടകകക്ഷികളുടെയും മുതിർന്നനേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ തനിക്കാണെന്ന് വി ഡി സതീശനും സീനിയോറിറ്റിയുടെ ആനുകൂല്യം തനിക്കാണെന്ന് രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. ഇതിനു പിന്നാലെ കെ മുരളീധരന്റെയും ശശി തരൂരിന്റെയും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടു. തർക്കങ്ങൾ തെരുവിൽ എത്തിയതിൽ രാഹുൽഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കടുത്ത അതൃപ്‌തിയിലാണ്.
കേരളത്തിലെ സാഹചര്യങ്ങൾ നേതൃത്വത്തെ ബോധ്യപ്പെടുത്തി. എംഎൽഎമാരുമായി സംസാരിച്ചശേഷം തങ്ങൾ ഒരു പ്രമേയം തയ്യാറാക്കിയിട്ടുണ്ട്. എംഎൽഎമാരുടെ പിന്തുണ, ഘടകകക്ഷികളുടെ നിലപാട്, ജനവികാരം തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്. ആ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രി ആരാണെന്നതിൽ തുടർചർച്ചകൾ നടക്കുമെന്നും നിരീക്ഷകർ പറഞ്ഞു.












Leave a Reply