കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പില്‍ നടന്ന ചടങ്ങില്‍ 10,800കോടി രൂപയുടെ വികസ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദേശീയപാത 66ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപ്പാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാത എന്നിവയുടെ അടക്കം ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. പാലക്കാട് – പൊള്ളാച്ചി മെമു ട്രെയിന്‍ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു. ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു.
എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് ആദ്യം നരേന്ദ്രമോദി പങ്കെടുത്തത്. കൊച്ചി മറൈന്‍ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പന്‍ നഗറില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ഏഴ് കിലോമീറ്റര്‍ ദൂരം പ്രധാനമന്ത്രിയുടെ റോഡ്‌ഷോ നടന്നു. തുടര്‍ന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) കൊച്ചി റിഫൈനറിയില്‍ പോളിപ്രൊഫൈലിന്‍ യൂണിറ്റിന് തറക്കല്ലിട്ടു. ചടങ്ങില്‍ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു.
5500കോടി രൂപ ചെലവിട്ടാണ് പോളിപ്രൊപ്പിലിന്‍ പ്ലാന്റ് നിര്‍മിക്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷം ടണ്‍ പോളിപ്രൊപ്പിലിന്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗരോര്‍ജ ശക്തിയിലും പ്രമുഖമായ രാജ്യമാണ് നാം. അതിനാല്‍ കേരളും സൗരോര്‍ജ മേഖലയില്‍ മുന്നേറ്റം നടത്തണം. അതിനാണ് കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയില്‍ 50മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിങ് സോളാര്‍ പദ്ധതിക്ക് തറക്കല്ലിട്ടതെന്നും അദ്ദേഹം പറഞ്ഞു.












Leave a Reply