തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശന് തന്റെ കന്നി ബജറ്റ് അവതരിപ്പിക്കും. ഒമ്പത് മണിക്കായിരിക്കും ബജറ്റ് പ്രഖ്യാപനം. യുഡിഎഫ് പ്രകടനപത്രികയിലെ വാദ്ഗാനങ്ങളില്‍ എത്രയെണ്ണം ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് ബജറ്റില്‍ ഉറ്റുനോക്കുന്നത്.
ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമ പദ്ധതികള്‍, മിഷന് സമുദ്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലെ പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം.
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന ധവള പത്രം അവതരിപ്പിച്ചതിന് പിന്നാലെ വരുന്ന ബജറ്റായതിനാല്‍ വരുമാന വര്‍ധനയ്ക്കായി എന്തൊക്കെ പ്രഖ്യാപിക്കുമെന്നാണ് നോക്കിക്കാണുന്നത്. ധവളപത്രത്തിലെ നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് നികുതി വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ജനക്ഷേമ പ്രഖ്യാപനങ്ങൾ ഉള്‍പ്പടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കിഫ്ബിയില്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. കിഫ്ബിയിൽ സമഗ്രമായ പൊളിച്ചെഴുത്ത് ഉണ്ടാകും എന്നാണ് സൂചന. പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ധനത്തിന് സംസ്ഥാനം ചുമത്തിയ അധിക നികുതി പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.












Leave a Reply