റാണിപുരത്ത് കുന്നിടിക്കലും അനധികൃത നിർമ്മാണവും വ്യാപകം. വൻ അപകട സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ. 

പാണത്തൂർ – കാസർകോട് ജില്ലയിലെ പ്രധാന ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ റാണിപുരത്ത് ജെ.സി.ബി ഉപയോഗിച്ച് അനധികൃതമായി മണ്ണെടുക്കലും അനധികൃത നിർമ്മാണങ്ങളും നടക്കുമ്പോഴും നടപടിയൊന്നും സ്വീകരിക്കാതെ അധികൃതർ. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും മറ്റുമായി വ്യാപകമായ രീതിയിലാണ് റാണിപുരത്ത് കുന്നടിക്കുന്നത്. എന്നാൽ ജിയോളജി വകുപ്പിൽ നിന്നോ, റവന്യൂ വകുപ്പിൽ നിന്നോ മണ്ണെടുക്കാൻ ആവശ്യമായ അനുമതിയില്ലാതെയാണ് മണ്ണെടുക്കുന്നത് എന്ന് ആരോപണമുണ്ട്. കൂടാതെ അനുമതിയില്ലാതെ നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് റാണിപുരത്ത് നടക്കുന്നത്. പല നിർമ്മാണങ്ങളും ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് എന്നും ആക്ഷേപമുണ്ട്. ചട്ടങ്ങളൊന്നും പാലിക്കാതെയാണ് റാണിപുരത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നതിനാൽ തന്നെ പ്രദേശത്ത് വൻ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത കാലത്ത് ഉദ്ഘാടനം നടത്തിയ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നതിന് വേണ്ടി വ്യാപകമായി മണ്ണെടുത്തതും അപകട സാധ്യത വർദ്ദിപ്പിക്കുന്നു. ഗ്ലാസ് ബ്രിഡ്ജിന്റെ താഴ്ഭാഗം കിഴക്കാം തൂക്കായ പ്രദേശമാണ്. ഇവിടെ മഴക്കാലത്ത് മണ്ണടിയാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രദേശത്തെ മേൽ മണ്ണ് ഇളക്കി മാറ്റിയതും, മണ്ണിടിച്ചിൽ തടയുന്നതിനായി താഴ്ഭാഗത്ത് ആവശ്യമായ രീതിയിൽ കെട്ടുകെട്ടി ബലപ്പെടുത്താത്തതും മഴക്കാലത്ത് മണ്ണിടിഞ്ഞ് വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. മണ്ണിടിച്ചിൽ ഉണ്ടായാൽ താഴ്ഭാഗത്തെ പ്രദേശങ്ങളായ മാപ്പിളച്ചേരി, കമ്പിക്കാനം, പാണത്തൂർ പ്രദേശങ്ങളിൽ ഇത് മൂലം വൻ ദുരന്തമാകും ഉണ്ടാക്കുക എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. കൂടാതെ റാണിപുരത്ത് നിരവധി പുതിയ കെട്ടിടങ്ങളാണ് ഉയരുന്നത്. ഇവയ്ക്ക് വേണ്ടി വനത്തിനോട് ചേർന്ന് തന്നെ മണ്ണെടുക്കുന്നത് പരിസ്ഥിതിക്ക് വൻ ദോഷമാണ് വരുത്തുക. നിയമം ലംഘിച്ചു ചെയ്യുന്ന ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അധികൃതരുടെ ഒത്താശ ഉണ്ട് എന്നും സംശയിക്കുന്നു. റാണിപുരത്തെ പല റിസോർട്ടുകളും ആവശ്യമായ അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നതന്നും ആക്ഷേപമുണ്ട്. റാണിപുരത്തെ അനധികൃത കെട്ടിടങ്ങൾക്കെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും, ഇത്തരം അനധികൃത നിർമ്മാണങ്ങളും, അശാസ്ത്രീയമായ രീതിയിലുള്ള മണ്ണെടുക്കൽ തടയുന്നതിനും ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *