തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന. തെരഞ്ഞെടുപ്പില്‍ വി എസ് ഫാക്ടര്‍ ചര്‍ച്ചയാക്കാന്‍ അരുണ്‍ കുമാര്‍ മത്സരിച്ചാല്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. വി എസിന്റെ ജന്മനാടായ ആലപ്പുഴയിലെ കായംകുളത്തേക്കാണ് അരുണ്‍ കുമാറിനെ പരിഗണിക്കുന്നത്. വി എസ് അവസാനം എംഎല്‍എ ആയിരുന്ന പാലക്കാട്ടെ മലമ്പുഴ മണ്ഡലവും പരിഗണനയിലുണ്ട്. വി എസ് അച്യുതാനന്ദന് പാര്‍ട്ടിക്കുപരി ഉണ്ടായിരുന്ന ജനപിന്തുണ ഇടതുപക്ഷത്തിന് അനുകൂലമാക്കുകയാണ് ലക്ഷ്യം.
കായംകുളത്താണ് അരുണ്‍ കുമാറിന് പ്രാഥമിക പരിഗണന. യു പ്രതിഭ അവിടെ രണ്ട് തവണ എംഎല്‍എ ആയതിനാല്‍ ഇളവ് നല്‍കിയാലേ ഇനി മത്സരിക്കാനാകൂ. 2001 മുതല്‍ 2016 വരെ മലമ്പുഴയില്‍ നിന്നാണ് വി എസ് നിയമസഭയിലെത്തിയത്. എന്നാല്‍ ചര്‍ച്ചയെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാര്‍ട്ടിയല്ലേ അതൊക്കെ തീരുമാനിക്കേണ്ടതെന്നുമാണ് വി എ അരുണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കമുളള ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും നേതൃതലത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടക്കുന്നുണ്ട്.
നിലവില്‍ ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറാണ് അരുണ്‍ കുമാര്‍. ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയുമുണ്ട്. ഉയര്‍ന്ന പദവിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അരുണിന് പദവി രാജിവയ്‌ക്കേണ്ടിവരും. പാര്‍ട്ടി അംഗമല്ലെങ്കിലും അരുണ്‍ കുമാറിനെ മത്സരിപ്പിക്കുന്നതില്‍ തടസമില്ല. അരുണ്‍ മത്സരിച്ചാല്‍ വി എസ് ഇഫക്ട് പ്രതിഫലിക്കുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടായ ക്ഷീണം ഇത്തരം തീരുമാനങ്ങളിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.












Leave a Reply