നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ എന്ന് സൂചന ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ആരംഭിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന സൂചനയുമായി ജില്ലയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെയും (EVM) വിവിപാറ്റുകളുടെയും (VVPAT) ഒന്നാംഘട്ട പരിശോധന (First Level Checking – FLC) ഇന്ന് രാവിലെ ആരംഭിച്ചു. കാസർകോട് കളക്ടറേറ്റിലെ ഇ.വി.എം വെയർഹൗസിൽ പ്രത്യേകം സജ്ജമാക്കിയ ഹാളിൽ നടക്കുന്ന പരിശോധന ജനുവരി 25 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ (BEL)നിന്നുള്ള അഞ്ച് അംഗീകൃത എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്. വെയർ ഹൗസ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ. ഇമ്പ ശേഖറിൻ്റെ നേതൃത്വത്തിൽ തുറന്നു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപകുമാർ എ എൻ എഫ് എൽസി സൂപ്പർവൈസർ ലിപുഎസ് ലോറൻസ്
ഇവിഎം നോഡൽ ഓഫീസർ രാഘവൻ കെ, ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് രാജീവൻ എ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ഹരീഷ് ബി നമ്പ്യാർ ഉമ്മർ പാടലടുക്ക എന്നിവർ സംബന്ധിച്ചു –
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, എഫ്.എൽ.സി വിജയിക്കുന്ന യന്ത്രങ്ങൾ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയുള്ളൂ. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പുറമെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും വിവിധ തലങ്ങളിൽ ഈ പ്രക്രിയ നിരീക്ഷിക്കുന്നുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനായി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂർത്തിയാക്കിയിട്ടുണ്ട്.
പരിശോധനാ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി ജില്ലയിലെ അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടികളോട് തങ്ങളുടെ പ്രതിനിധികളെ അധികാരപ്പെടുത്താൻ ഡിസംബർ 22-ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാന ആസ്ഥാനങ്ങളിലും ഇതുസംബന്ധിച്ച അറിയിപ്പുകൾ കൈമാറി. യന്ത്രങ്ങളുടെ പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇസിഐ വെബ്‌സൈറ്റിൽ ലഭ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ മാനുവലിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *