നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥികൾ അടുത്തയാഴ്ച; എ ക്ലാസ് മണ്ഡലങ്ങളിൽ ആദ്യം, മഞ്ചേശ്വരത്ത് എം.എൽ. അശ്വിനിക്ക് സാധ്യത

തിരുവനന്തപുരം: വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ജനുവരി ആദ്യയാഴ്ച ബിജെപി സ്ഥാനാർഥികളെ തീരുമാനിക്കും. സ്ഥാനാർഥികളോട് അതത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിർദേശം നൽകുന്നതിനൊപ്പം ജില്ലാ, മണ്ഡലം തലങ്ങളിൽ അഴിച്ചുപണി നടത്താനും തീരുമാനമായി. സ്ഥാനാർഥികളെയും അതത് ജില്ലാ കമ്മിറ്റികളെയും ഇക്കാര്യം അടുത്ത ദിവസങ്ങളിൽ അറിയിക്കും.

എസ്. സുരേഷ് ഒഴികെയുള്ള മൂന്നു ജനറൽ സെക്രട്ടറിമാരും മത്സരിക്കുമെന്ന് ഉറപ്പാണ്. ബിഡിജെഎസിന് നൽകുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ തീരുമാനിക്കണമെന്ന ആവശ്യവും ബിജെപി മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

2001-ലെ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച എം.ടി. രമേശിനെ ചെങ്ങന്നൂരിൽ മത്സരിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലോ കൂത്തുപറമ്പിലോ ജനവിധി തേടും. തൃശ്ശൂർ നഗരഭരണത്തിൽ പങ്കാളിയായിരുന്ന ക്രൈസ്തവ വിഭാഗത്തിൽനിന്നുള്ള നേതാവിനെ ഒല്ലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയാക്കാനാണ് നീക്കം.

ജില്ലാ, മണ്ഡലം തലങ്ങളിലെ വലിയ വിഭാഗം നേതാക്കൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതാണ്, തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുശതമാനം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇവരെ മാറ്റി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

പരിഗണനയിലുള്ള സ്ഥാനാർഥികളും മണ്ഡലങ്ങളും

നേമം-രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവ്-ആർ. ശ്രീലേഖ, കഴക്കൂട്ടം-വി. മുരളീധരൻ, തിരുവനന്തപുരം-ജി. കൃഷ്ണകുമാർ, തൃശ്ശൂർ-എം.ടി. രമേശ്, പാലക്കാട്-കെ. സുരേന്ദ്രൻ, കായംകുളം-ശോഭാ സുരേന്ദ്രൻ, മലമ്പുഴ-സി. കൃഷ്ണകുമാർ, തിരുവല്ല-അനൂപ് ആന്റണി, പാലാ-ഷോൺ ജോർജ്, ചാത്തന്നൂർ-ബി.ബി. ഗോപകുമാർ, ആറന്മുള-കുമ്മനം രാജശേഖരൻ, മഞ്ചേശ്വരം-എം.എൽ. അശ്വിനി, ഷൊർണൂർ-കെ.കെ. അനീഷ്‌കുമാർ, മണലൂർ-എ.എൻ. രാധാകൃഷ്ണൻ, കൊടുങ്ങല്ലൂർ-ബി. ഗോപാലകൃഷ്ണൻ, ആറ്റിങ്ങൽ-പി. സുധീർ, ചിറയിൻകീഴ്-ആശാനാഥ്, എറണാകുളം-ജിജി ജോസഫ്, കാഞ്ഞിരപ്പള്ളി-നോബിൾ മാത്യു എന്നിവർ മത്സരിക്കുമെന്നാണ് വിവരം.

തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കിയ ചെങ്ങന്നൂരിൽ സന്ദീപ് വചസ്പതി, എം.വി. ഗോപകുമാർ എന്നീ പേരുകൾ പരിഗണിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *