എട്ട് വർഷമായി മുങ്ങിനടന്ന കൊലക്കേസ് പ്രതി അമ്പലത്തറ പോലീസിന്റെ പിടിയിൽ

അമ്പലത്തറ: വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അന്യസംസ്ഥാനക്കാരനായ പ്രതിയെ എട്ട് വർഷത്തിന് ശേഷം അമ്പലത്തറ പൊലീസ് പിടികൂടി.

2017 നവംബർ 15-ന് ഇരിയ തട്ടുമ്മൽ പൊടവടക്കത്തെ ലീല (57)യെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൂന്നര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതിയായ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ 17-കാരനെയാണ് (നിലവിൽ 26 വയസ്സ്) പൊലീസ് മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിന്ന് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി നിഥിൻ രാജിന്റെ നിർദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി എം.പി. ആസാദിന്റെ മേൽനോട്ടത്തിൽ അമ്പലത്തറ സി.ഐ. ഷാജു സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. എ.എസ്.ഐ. കെ. ജയരാജ്, സീനിയർ പൊലീസ് ഓഫീസർ ഷിബു കെ., ഡ്രൈവർ എ.എസ്.ഐ. ബിജു കീനേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

സംഭവസമയത്ത് തേപ്പ് ജോലിക്കായി പ്രദേശത്തെത്തിയിരുന്ന പ്രതി കൊലപാതകത്തിനുശേഷം അറസ്റ്റിലായെങ്കിലും പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി മുങ്ങുകയായിരുന്നു. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ ദീർഘനാളത്തെ അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *