ബേക്കൽ ബീച്ച് ഫെസ്‌റ്റിൽ ഇന്ന് വൻ സുരക്ഷ, ജില്ലാ പൊലീസ് മേധാവി തന്നെ ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്യും

ബേക്കൽ ബേക്കൽ ഫെസ്റ്റിന്‌ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടിക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവ് നൽകിയതായി കലക്ടർ അറിയിച്ചു. ചൊവ്വാഴ്‌ചയും പുതുവത്സരത്തലേന്നും ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് ജില്ലാ പൊലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും. ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കുന്നതിന് മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. തിങ്കളാഴ്ച രാത്രി വേടന്റെ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ജില്ലാ പൊലിസ് മേധാവിയും സംഘാടക സമിതി ഭാരവാഹികളും അറിയിച്ചു. എന്നാൽ പരിപാടിക്ക്‌ സുഹൃത്തിനോപ്പം വരുന്നതിനിടെ ട്രെയിൻ തട്ടി ഒരു വിദ്യാർഥി മരിക്കാനിടയായ ദാരുണ സംഭവം ദുഖകരമാണെന്ന്‌ സംഘാടകസമിതി ചെയർമാൻ സി എച്ച്‌ കുഞ്ഞന്പു എംഎൽഎ അറിയിച്ചു. വേടന്റെ പരിപാടിയിൽ നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. അതിനനുസരിച്ച് ബീച്ചിൽ സൗകര്യവും സുരക്ഷയും ഒരുക്കിയിരുന്നു. തിരക്കിനിടെ ആറുപേർക്ക് ചെറിയ ശ്വാസതടസം അനുഭവപ്പെട്ടതോടെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇവർ രാത്രി തന്നെ ആശുപത്രി വിട്ടു. യാതൊരു ആശങ്കയും പ്രശ്നങ്ങളുമില്ലാതെയാണ്‌ ബീച്ച് ഫെസ്റ്റ് 10 ദിവസം പിന്നിട്ടത്‌. ബീച്ച് ഫെസ്റ്റിന് വരുന്നവർ റെയിൽ പാളം മുറിച്ചുകടക്കാതിരിക്കാൻ നിരന്തരം ജാഗ്രത നൽകുന്നുണ്ട്. ഇടവഴികളെല്ലാം കൊട്ടിയടച്ച് സുരക്ഷിതമായ വഴിയിലൂടെയാണ് ബീച്ചിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും സംഘാടക സമിതി അറിയിച്ചു. ​

Leave a Reply

Your email address will not be published. Required fields are marked *