കണ്ണൂരിൽ കോടികളുടെ തട്ടിപ്പ്; കർണാടക സ്വദേശിയിൽ നിന്നും 61 കോടി രൂപയിലധികം തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. മയ്യില്‍ സ്വദേശികളായ ദമ്പതികളും മകനുമാണ് അറസ്റ്റിലായത്. കര്‍ണാടക സ്വദേശിയില്‍ നിന്ന് 61 കോടി 86 ലക്ഷം രൂപ തട്ടി എന്നതാണ് കേസ്. മയ്യില്‍ സ്വദേശികളായ രാധാകൃഷ്ണന്‍, ഭാര്യ ഷീബ, മകന്‍ ഷാരോണ്‍ എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ വീടും സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ദക്ഷിണ കന്നഡ സ്വദേശി വലേരിയന്‍ ആല്‍ബര്‍ട്ട് ഡിസൂസയാണ് തട്ടിപ്പിനിരയായത്.

തട്ടിപ്പിന് ഇരയായി എന്ന് മനസിലാക്കിയ ആല്‍ബര്‍ട്ട് ഡിസൂസ മയ്യില്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദമ്പതികളും മകനും അറസ്റ്റിലായത്. രാധാകൃഷ്ണന്റെ മറ്റൊരു മകന്‍ രാഹുല്‍ ഒളിവില്‍ കഴിയുകയാണ്, ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

 

രാധാകൃഷ്ണനും തട്ടിപ്പിനിരയായ ആല്‍ബര്‍ട്ടും ഗള്‍ഫില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. അവിടെ വച്ചാണ് ഇരുവരും പരിചയത്തിലായത്. ഈ പരിചയം വച്ച് കണ്ണൂരില്‍ വീടും സ്ഥലവും വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് രാധാകൃഷ്ണന്‍ പല തവണയായി പണം കൈക്കലാക്കുകയായിരുന്നു. 2010 മുതല്‍ തട്ടിപ്പ് തുടങ്ങിയിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കോടികള്‍ നല്‍കിയിട്ടും വീടിന്റെയോ സ്ഥലത്തിന്റെയോ വിവരം ലഭിക്കാത്തതോടെ ആല്‍ബര്‍ട്ടിന് സംശയം തോന്നി തുടങ്ങി.

 

രാധാകൃഷ്ണന്‍ മയ്യില്‍ ഒരും വീടും സ്ഥലവും സ്വന്തം പേരില്‍ വാങ്ങിയ ശേഷം വ്യാജ രേഖകള്‍ ഉണ്ടാക്കി ആല്‍ബര്‍ട്ടിനെ വിശ്വസിപ്പിച്ചു. പിന്നീടാണ് ആല്‍ബര്‍ട്ടിന് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന കാര്യം മനസിലായത്. പിന്നാലെ ആല്‍ബര്‍ട്ട് നല്‍കിയ പരാതിയില്‍ ഇന്നലെ മയ്യില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്ന് രാവിലെ തന്നെ പ്രതികളായ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *