മോശമായി സ്പര്‍ശിച്ചു; കാസര്‍കോട് ബസില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിക്കുനേരെ കണ്ടക്ടറുടെ അതിക്രമം, കേസെടുത്ത് പൊലീസ്

 

കാസര്‍കോട്: ബസില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനിക്കുനേരെ അതിക്രമം നടന്നതായി പരാതി. ഇന്ന് രാവിലെയായിരുന്നു സംഭവം.

ബസിലെ കണ്ടക്ടര്‍ മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടെന്നുമാണ് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കര്‍ണാടക ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. കണ്ടക്ടർ കുട്ടിയെ മോശമായി സ്പർശിക്കുന്നത് കണ്ടിട്ടും ബസില്‍ ഉണ്ടായിരുന്നവർ പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്.

കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസില്‍ വെച്ചാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. പഠനത്തിനായി രാവിലെയും വൈകുന്നേരവും ബസിലാണ് മംഗളൂരുവിലേക്ക് പോകുന്നതെന്നും ബസില്‍ യാത്ര ചെയ്യുന്നതിന് പാസുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. മുമ്ബ് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും മോശമായി പെരുമാറാൻ ശ്രമിച്ചു. രാവിലെ എട്ടേമുക്കാലിന് ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം.

പ്രതികരിച്ചപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമൊക്കെ ചേര്‍ന്ന് ചീത്ത വിളിക്കുകയായിരുന്നു. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തു വേണമെങ്കിലും ചെയ്തോളാൻ പറഞ്ഞ് നടുറോഡില്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരീക്ഷയടക്കം എഴുതാനായില്ലെന്നും കോളേജ് വിദ്യാര്‍ത്ഥിനി പറഞ്ഞു.

തുടർന്ന് കുട്ടി തനിയെ നടന്നാണ് വീട്ടിലെത്തിയത്. പല തവണ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസിലാണ് പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *