മുതിർന്ന സിപിഎം നേതാവ് കെ എം ജോസഫ് അന്തരിച്ചു


ജില്ലയിലെ തലമുതിർന്ന സിപിഐ എം നേതാവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന കെ എം ജോസഫ് (81) അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ ഏകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴം രാവിലെയാണ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.
1970 കളിൽ പാർട്ടിയിൽ സജീവമായി. അടിയന്തരാവസ്ഥ കാലത്ത് കുടിയാന്മലയിൽ സംഘടിപ്പിച്ച സുകുമാരൻ രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം വി ഗോവിന്ദൻ, ഇ പി ജയരാജൻ എന്നിവർക്കൊപ്പം പോലീസ് മർദ്ദനം ഏൽക്കേണ്ടി വരികയും ഇതേ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. വലതുപക്ഷത്തിന്റെ കടന്നാക്രമണങ്ങൾ പാർട്ടിക്കുനേരെ ഉണ്ടാവുന്ന ഘട്ടങ്ങളിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധ യോഗങ്ങളിൽ ജോസഫിന്റെ തീപ്പൊരി പ്രസംഗം കേൾക്കാനായി ആയിരങ്ങൾ ഒഴുകിയെത്തുമായിരുന്നു. മലയോര മേഖലയിലെ കുടിയേറ്റ ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ജോസഫ്
കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന കാർഷിക വികസന ബാങ്ക് ഡയറക്ടർ, തളിപ്പറമ്പ പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവിൽ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭൗതിക ശരീരം ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് വരെ കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിലും നാല് മണി മുതൽ അഞ്ച് വരെ ആലക്കോട് ഇഎംഎസ് സ്മാരക മന്ദിരത്തിലും പൊതുദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ട് പോവും. സംസ്കാരം നാളെ (നവംബർ 7) പയ്യാമ്പലത്ത് നടക്കും.

കെ എം ജോസഫിൻ്റെ നിര്യാണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *