പനത്തടി പഞ്ചായത്ത് തല മോണിറ്ററിങ് കമ്മിറ്റി യോഗം, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ നടന്നു.

പാണത്തൂർ : ബളാന്തോട് ക്ഷീരോത്പാദക സഹകരണ സംഘം മീറ്റിംഗ് ഹാളിൽ വച്ച് , പനത്തടി പഞ്ചായത്ത് തല മോണിറ്ററിങ് കമ്മിറ്റി യോഗം, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദിന്റെ അധ്യക്ഷതയിൽ നടന്നു. പനത്തടി പഞ്ചായത്ത് തല മോണിറ്ററിങ് കമ്മിറ്റി കൺവീനർ എം വി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രവൃത്തി പുരൊഗതി സംബന്ധിച്ച അവലോകനം പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ യൊഗത്തെ അറിയിച്ചു. മോണിറ്ററിങ് കമ്മിറ്റി അവലോകന യോഗം കൃത്യമായി ചേരാത്തത് സംബന്ധിച്ചും, മുൻ തീരുമാന പ്രകാരം പ്രവൃത്തി പുരോഗതി ഉണ്ടാകാത്തതും, KSEB ബളാന്തോട് സെക്ഷനിലെ ഉദ്യോഗസ്ഥർ പൊതു തീരുമാനത്തിന് വിരുദ്ധമായി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ചും യോഗത്തിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. മലനാട് വികസന സമിതിയുടെ നിരന്തരമായ ഇടപെടലുകളിലൂടെ, സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി പദ്ധതിയിൽ ഉൾപ്പെടുത്തിയ, ഹോസ്ദുർഗ്ഗ് – പാണത്തൂർ സംസ്ഥാന പാതയുടെ 2019 ലെ പുനർനിർണ്ണയ രേഖകൾ പ്രകാരമുള്ള അതിർത്തി നിർണ്ണയിച്ച് കല്ലിടുന്ന പദ്ധതി, റെവന്യൂ,സവവ്വെ ഡിപ്പാർട്ട്മെൻ്റുകളുടെ, നിഷേധാത്മക നിലപാടും, മെല്ലെപ്പോക്ക് കാരണവും അകാരണമായി നീളുന്നതും, ഇതുവഴി കയ്യേറ്റക്കാരായ ഭൂമായികൾക്ക് , രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങൾ ഒത്താശ ചെയ്യുകയാണെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
വൈദ്യുതി വകുപ്പ് പനത്തടി മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തെ പോസ്റ്റുകൾ മാറ്റിയിട്ടത് അശാസ്ത്രീയമായ രീതിയിൽ ആണ്. സംസ്ഥാന പാതയുടെ ഭാവി പുരോഗതിക്ക് തടസ്സമാകുന്ന രീതിയിൽ നിലവിലുള്ള റോഡിനോട് ചേർന്ന് പോസ്റ്റുകൾ ഇട്ട് പ്രവൃത്തി പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകി ബില്ല് മാറിയെടുക്കുന്നതിനുവേണ്ടിയും, അതുവഴി പൂർത്തീകരിക്കാത്ത കരാർ ജോലികൾക്കായി, വീണ്ടും റോഡ് എർത്ത് വർക്കുകൾ പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ പദ്ധതി എസ്റ്റിമേറ്റ് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കാനുള്ള, KSEB ഉദ്യോഗസ്ഥരുടേയും, കരാറുകാരുടേയും ഗൂഢ ശ്രമങ്ങൾ നഗ്നമായ അഴിമതി ആണെന്ന് യോഗം ശക്തമായ ആരോപണം ഉയർത്തി. ബളാന്തോട് ടൗണിലെ KSEB പോസ്റ്റുകൾ മുൻധാരണയിൽ നിന്നും വ്യതിചലിച്ച്, ചില സ്വകാര്യ വ്യക്തികളുടെ താൽപര്യപ്രകാരം മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യോഗത്തിൽ കെ ആർ എഫ് ബി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപ്,A E രവീന്ദ്രൻ, പനത്തടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദ്, ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാൽ, മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, വർക്കിംഗ് ചെയർമാൻ കെ ജെ സജി, ജനറൽ സെക്രട്ടറി ബി അനിൽകുമാർ, മലനാട് വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഏ കെ ശശി, രാജീവ് തോമസ്, ജനാർദ്ദനൻ ടി സി, കൃഷ്ണകുമാർ കെ യു, സനൽകുമാർ സി എസ്,അബു താഹിർ, ബളാന്തോട്, പനത്തടി ടൗൺ മോണിറ്ററിങ് കമ്മിറ്റി ഭാരവാഹികളായ ജി ഷാജിലാൽ,കെ എൻ വേണു, നൗഷാദ്, ഭാസ്കരൻ, തുടങ്ങിയവർ സംസാരിച്ചു.

ചർച്ചകൾക്ക് കൺവീനർ എം വി കൃഷ്ണൻ മറുപടി പറഞ്ഞു. സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി 2026 ജനുവരി 31 ന് മുൻപായി പൂർത്തിയാക്കുമെന്ന് കെആർ എഫ് ബി അറിയിച്ചു. അതിർത്തി നിർണ്ണയ കല്ലുകൾ ഇടുന്നത് സംബന്ധിച്ച അടിയന്തര നടപടികൾ സ്വീകരിക്കും. മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തി മുന്നോട്ട് പോകും. പാലങ്ങളും, കലുങ്കുകളും വേഗത്തിൽ പൂർത്തിയാക്കും, വൈദ്യുതി വകുപ്പിൻ്റെ പ്രവൃത്തി മുൻപ് ഉണ്ടാക്കിയ സമവായ ധാരണ പ്രകാരം തുടരും.സംസ്ഥാന പാതയുടെ വികസനത്തിന് തടസ്സമായി നിൽക്കുന്ന കയ്യേറ്റങ്ങളും, നിർമ്മാണങ്ങളും പൊളിച്ച് നീക്കി സുഗമമായ യാത്രാ മാർഗ്ഗമൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *