പാണത്തൂർ – കേബിൾ ഇടുന്നതിനു കുഴിയെടുത്തതിലൂടെ മഴവെള്ളം കുത്തിയൊലിച്ച് റോഡരികിൽ വൻകുഴികൾ രൂപപ്പെട്ട് പാണത്തൂർ കുണ്ടുപ്പള്ളി റോഡിൻ അപകട സാധ്യത. റോഡിൽ ടാറിങ്ങിനോട് ചേർന്നാണ് വൻകുഴികൾ രൂപപ്പെട്ടിട്ടുള്ളത്. വലിയ കയറ്റവും വളവും ചേർന്ന ഭാഗത്താണ് ഈ കുഴികൾ ഉള്ളത്. കൂടാത റാണിപുരത്തേക്ക് പോകുന്ന വൈദ്യുതിയുടെ ഹൈടെൻഷൻ ലൈനും ഉണ്ട്. പനത്തടി പഞ്ചായത്തിലെ 7, 8 വാർഡുകളെ വേർതിരിക്കുന്ന പാണത്തൂർ റാണിപുരം റോഡിൽ കുണ്ടുപ്പള്ളി കുട്ടി നായിക്കിന്റെ വീടിൻ്റെ സമീപത്തുള്ള വലിയ വളവിനോട് ചേർന്ന കയറ്റത്തിലാണ് ഇത്. കമ്പനി കേബിൾ ഇടുന്നതിൻ്റെ ഭാഗമായി ഭാവിയിൽ ഉണ്ടാകാവുന്ന റോഡ് മെയിൻ്റെനൻസിനായി പഞ്ചായത്തിൽ പണം അടച്ചിരുന്നു. എന്നാൽ ഈ തുക ഇതുവരെ വിനിയോഗിക്കാൻ പഞ്ചായത്തിന് സാധിച്ചിട്ടില്ല. മഴക്കാലത്തിന് മുമ്പ് തന്നെ റോഡരികിലെ ഓട വൃത്തിയാക്കാത്തതാണ് വെള്ളം കുത്തിയൊലിച്ച് അപകടകരമായ കുഴികൾ രൂപപ്പെടാൻ കാരണമായിട്ടുള്ളത്. റോഡിൽ പല സ്ഥലങ്ങളിലും വെള്ളം കുത്തി ഒലിച്ച് റോഡിലൂടെ ഒഴുകുന്നത് നിത്യകാഴ്ചയാണ്. വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഗൗരവത്തിൽ എടുത്തില്ല എന്ന് പരാതിയുണ്ട്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരമായില്ലെങ്കിൽ വൻ അപകടത്തിന് സാധ്യതയുണ്ട്. ഇത് വഴി പോകുന്ന വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ അറിയിച്ചു.
പാണത്തൂർ റാണിപുരം റോഡിൽ ബിഎസ്എൻഎൽ കേബിളിനായി എടുത്ത കുഴിയിലൂടെ വെള്ളം ഒഴുകി റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ട് അപകട സാധ്യത. വാഹന യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം.












Leave a Reply