ചെറുവത്തൂർ: കഴിഞ്ഞ കാലവർഷത്തിൽ ദേശീയപാതയിലൂടെ കടന്നുപോകുന്നവരുടെ മനസ്സിൽ ഭീതി പരത്തിയ മയ്യിച്ചയിലെ വീരമലയുടെ മുഖച്ഛായ ഇനി മാറുന്നു. ദേശീയപാതയുടെ സമീപത്തുള്ള വീരമല സംരക്ഷണഭിത്തിയെ കേരളത്തിലെ ആദ്യത്തെ ‘സൗന്ദര്യമല’യാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പച്ചപ്പും സുരക്ഷയും ഒരുമിപ്പിക്കുന്ന പദ്ധതിക്ക് ഏകദേശം 10 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്.
മലയെ തട്ടുകളാക്കി രൂപാന്തരപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എട്ട് മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള തട്ടുകളാക്കി മലയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു മുതൽ നാല് തട്ടുകൾ വരെ നിർമിക്കും. തുടർന്ന് കമ്പിവല വിരിച്ച് സ്ക്രൂ ചെയ്തു ഉറപ്പിക്കുന്ന സംരക്ഷണ സംവിധാനവും ഒരുക്കും. ഇതിന് മുകളിലായി മണ്ണിലേക്ക് ആഴത്തിൽ വേരൂന്നുന്ന രാമച്ചം പോലുള്ള ചെടികൾ നട്ടുപിടിപ്പിക്കും. മൂന്ന് വർഷത്തിനുള്ളിൽ ഏഴ് മീറ്റർ വരെ ആഴത്തിൽ വേരിറക്കുന്ന രാമച്ചം മണ്ണിടിച്ചിൽ ഭീഷണി കുറയ്ക്കാൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
മഴ ശക്തമായി പെയ്യുമ്പോൾ മലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ വെള്ളം താഴേക്ക് പതിക്കുന്ന അവസ്ഥയും ഇവിടെയുണ്ട്. മലയുടെ അടിവാരത്തുകൂടി ദേശീയപാത കടന്നുപോകുന്നതിനാൽ ഇത് വാഹനയാത്രക്കാർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മലയിൽ നിന്ന് കുതിച്ചെത്തുന്ന വെള്ളത്തിന്റെ ശക്തി കുറയ്ക്കാൻ വെള്ളം പതിക്കുന്ന ഭാഗങ്ങളിൽ പടികൾ നിർമിക്കാനാണ് തീരുമാനം. ഇതുവഴി വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവുന്നതിനൊപ്പം വെള്ളച്ചാട്ടസമാനമായ മനോഹര കാഴ്ചയും സൃഷ്ടിക്കാനാകും.
സുരക്ഷയും സൗന്ദര്യവും ഒരുമിപ്പിക്കുന്ന വൈവിധ്യമാർന്ന സംവിധാനങ്ങളാണ് വീരമലയിൽ നടപ്പിലാക്കുന്നത്. ദേശീയപാതയോരത്ത് കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. പദ്ധതി പൂർത്തിയായാൽ ദേശീയപാതയാത്രക്കാർക്ക് ആശ്വാസമാകുന്നതിനൊപ്പം ചെറുവത്തൂരിന് ഒരു പുതിയ ദൃശ്യഭംഗിയും സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.












Leave a Reply