പാണത്തൂർ: പനി ബാധിച്ച് പാണത്തൂർ പരിയാരത്തെ റംല എന്ന യുവതി മരണപ്പെട്ടതോടെ അനാഥമായത് പറക്കമുറ്റാത്ത രണ്ട് കുരുന്നുകൾ. അഞ്ചും ഏഴും വയസ്സ് പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കിയാണ് റംല യാത്രയായത്.
കൂലിവേല ചെയ്തും തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്തുമാണ് 35 കാരിയായ റംല തന്റെ രണ്ടു പിഞ്ചുമക്കളായ ഷാനിലിനെയും, ഷഫലയെയും വളർത്തിയിരുന്നത്.
ഷാനിൽ എൽ.കെ.ജി വിദ്യാർത്ഥിയും ഷഫല രണ്ടാം തരം വിദ്യാർത്ഥിനിയുമാണ്. വിവാഹിതയാണെങ്കിലും ഭർത്താവ് ബിലാൽ തിരിഞ്ഞുനോക്കാത്തതിനാൽ ഏറെ കഷ്ടപ്പെട്ടാണ് മക്കളെ നോക്കിവളർത്തുന്നതിനിടയ്ക്കാണ് യുവതിയെ പനി പിടികൂടിയത്.
ആദ്യം ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ. ഭേദമാകാത്തതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പനി മൂർച്ഛിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വിട്ടുകിട്ടാൻ ആശുപത്രിയിൽ ചികിത്സാ ചിലവായും മറ്റും ഭീമമായ തുകയാണ് നൽകേണ്ടി വന്നത്.
കുടുംബത്തെ കണ്ണീരിലാഴ്ത്തിയാണ് യുവതി ലോകത്തോട് വിട പറഞ്ഞത്. യുവതിയുടെ കുടുംബവും ദരിദ്രരാണ്. കൂലിപ്പണിയെടുത്തും മറ്റുമാണ് ഉപജീവനം നടത്തുന്നത്. ഇതിനിടയ്ക്കാണ് യുവതി വിധിക്ക് മുന്നിൽ കീഴടങ്ങിയത്. ഇതോടെ അനാഥമായ രണ്ട് കുട്ടികളുടെ സ്ഥിതിയോർത്താണ് ഏവരും കണ്ണീരൊഴുക്കുന്നത്.
പനിബാധിച്ച് കേവലം രണ്ട് ദിവസത്തിനുള്ളിലാണ് യുവതി മരണപ്പെട്ടത്.
പനി പടരുന്ന സാഹചര്യത്തിൽ ഈ മരണം വലിയ ആശങ്കയ്ക്കും ഇടയാക്കുന്നുണ്ട്. പ്രത്യേകിച്ച് വിവിധയിനം പനികൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ അതിനിടെ മരണപ്പെട്ട യുവതിയുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
നിപ, ഷിഗല്ല തുടങ്ങിയ മാരകമായ രോഗങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രക്തം പരിശോധനയ്ക്കായി അയച്ചത്.












Leave a Reply